കൊച്ചി: കൊറോണ വൈറസ് വീണ്ടും കേരളത്തില്‍ സ്ഥിതീകരിച്ചതിന്‍രെ അടിസ്ഥാനത്തില്‍ ഈ പതിനഞ്ച് രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ ഇനി വിമാനത്താവളത്തില്‍ പരിശോധിക്കും. ആഗോളതലത്തില്‍ കോവിഡ് വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിലാണ് കൊച്ചി വിമാനത്താവളത്തില്‍ കൊറോണ പരിശോധിക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂട്ടിയതെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു.

സ്‌പെയിന്‍,ഫ്രാന്‍സ്,യു എസ് രാജ്യങ്ങളില്‍ നിന്നെത്തുന്നവരടക്കം 15 രാജ്യങ്ങളില്‍ നിന്ന് വരുന്നവരെയാണ് ഇനി മുതല്‍ വിമാനത്താവളത്തില്‍ പരിശോധിക്കുന്നത്. കൂടാതെ ചൈന, ദക്ഷിണ കൊറിയ,ഇറ്റലി,ഇറാന്‍,ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും വിമാനത്താവളത്തിലോ മറ്റ് കേന്ദ്രങ്ങളില്‍ അറിയിക്കണം. അല്ലാത്ത പക്ഷം ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.

ജില്ലയില്‍ കൂടുതല്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ ഉറപ്പാക്കാന്‍ സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടുമെന്നും ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടം ചെയ്തു നല്‍കുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്. പൊതുപരിപാടികളോ, ആഘോഷങ്ങളും സ്വമേധയാ ഒഴിവാക്കണമെന്നും മാസ്‌ക്കുകള്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്ക് അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.