ഫിലാഡൽഫിയ: സഭ വിവിധ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ ക്രിസ്തുവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുവാന്‍ ഫിലാഡൽഫിയയില്‍ അടുത്ത മാസം സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സില്‍ കർദ്ദിനാൾ റെയ്മണ്ട് ലിയോ ബുർക്കും, ബിഷപ്പ് ജോസഫ് സ്ട്രിക്ക്ലാൻഡുമടക്കം നിരവധി പ്രമുഖർ പങ്കെടുക്കും. ‘യു ആർ കോൾഡ് ടു ഹോളിനസ്’ എന്ന് പേരിട്ടിരിക്കുന്ന കോൺഫറൻസ് സംഘടിപ്പിക്കുന്നത് കാത്തലിക് യുണൈറ്റഡ് ഫോർ ദി ഫെയ്ത്ത് സംഘടനയുടെ ജോസഫ് ന്യൂമാൻ ചാപ്റ്ററാണ്. എല്ലാ ക്രൈസ്തവരുടെയും വിശുദ്ധിയിലേക്കുള്ള വിളിയെപ്പറ്റിയായിരിക്കും കർദ്ദിനാൾ ബുർക്ക് കോൺഫറൻസിൽ പ്രസംഗിക്കുക.

ഫിലാഡൽഫിയ കത്തീഡ്രലിനുളളിൽ നടക്കുന്ന കോൺഫറൻസിന്റെ ഭാഗമായി ദിവ്യകാരുണ്യ ആരാധന, ജപമാല പ്രാർത്ഥന, മരിയൻ റാലി തുടങ്ങിയവയും നടക്കും. ഫാത്തിമ മാതാവിന്റെ രൂപത്തില്‍, കിരീടമണിയിക്കുന്ന ചടങ്ങും ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. ഈ അസാധാരണ സമയങ്ങളിൽ, കത്തോലിക്കാ വിശ്വാസികൾക്ക് പ്രചോദനം നൽകുവാനാണ് തങ്ങൾ ഇപ്രകാരമുള്ള ഒരു പ്രമേയം തെരഞ്ഞെടുത്തതെന്ന് സെന്റ് പീറ്റർ ആൻഡ് പോൾ കത്തീഡ്രൽ ബസിലിക്കയുടെ, റെക്ടറായ ഫാ. ഡെന്നിസ് ഗിൽ പറഞ്ഞു. ആശങ്കകളിലൂടെയും, നിരവധി പ്രതിസന്ധികളുടെയുമാണ് സഭ ഇപ്പോൾ കടന്നുപോകുന്നതെന്നും, ക്രിസ്തുവുമായുളള ബന്ധം ഊട്ടിയുറപ്പിക്കുക മാത്രമാണ് പ്രതിവിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിത്യജീവന് അർഹരാകാൻ വേണ്ടി എല്ലാ ക്രൈസ്തവ വിശ്വാസികളും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നതിനാൽ ഏകകണ്ഠമായി വിശുദ്ധിയെ പറ്റിയുള്ള പ്രമേയം തന്നെ തെരഞ്ഞെടുക്കാൻ കോൺഫറൻസിന്റെ കമ്മറ്റി തീരുമാനിക്കുകയായിരുന്നുവെന്ന്, കോൺഫറൻസിന്റെ സംഘാടകയായ ആനി വിൽസൺ പറഞ്ഞു. കത്തോലിക്കാ വിശ്വാസത്തിന്റെ ഏറ്റവും വലിയ മുന്നണിപ്പോരാളികൾ ഒരാളായാണ് കർദ്ദിനാൾ ബുർക്ക് അറിയപ്പെടുന്നത്. നേരത്തെ അദ്ദേഹം വത്തിക്കാൻ സുപ്രീംകോടതിയുടെ തലവനായിരുന്നു. ഭ്രൂണഹത്യ, സ്വവർഗ്ഗ ലൈംഗികത തുടങ്ങിയ തിന്മകളെ പരസ്യമായി ശക്തിയുക്തം എതിർക്കുന്ന ബിഷപ്പാണ് ടൈലർ രൂപതയുടെ മെത്രാനായ ബിഷപ്പ് സ്ട്രിക്ക്ലാൻഡ്.