ലുക്കൗട്ട് നോട്ടീസ് നിലനില്‍ക്കേ രാജ്യം വിടാനുള്ള ശ്രമത്തിനിടെ യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ മകളെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു. ബ്രിട്ടീഷ് എയര്‍വെയ്സ് വിമാനത്തില്‍ ലണ്ടനിലേക്ക് പോകാനുള്ള റോഷ്‌നി കപൂറിന്റെ ശ്രമമാണ് പരാജയപ്പെട്ടത്. റാണാ കപൂറിനും ഭാര്യയ്ക്കും മക്കള്‍ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കള്ളപ്പണം വെളിപ്പിച്ചെന്ന കേസില്‍ ഇന്നലെയാണ് യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിനെ ഇഡി അറസ്റ്റ് ചെയ്തത്. ഡിഎച്ച്‌എഫ്‌എല്‍ എന്ന സ്വകാര്യകമ്ബനിക്ക് 4500 കോടിരൂപ വായ്പ അനുവദിച്ചതിന് തൊട്ടുപിന്നാലെ റാണാ കപൂറിന്റെ പേരിലുള്ള ഒരു കമ്ബനിയുടെ അക്കൗണ്ടിലേക്ക് 600 കോടി എത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. റാണയുടേയും മക്കളുടേയും ഓഫീസുകളിലും വീടുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.

അതേസമയം ഡിഎച്ച്‌എഫ്‌എല്ലിന് 4500 കോടി രൂപ വായ്പ അനുവദിച്ച കേസില്‍ യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. വായ്പ അനുവദിച്ചതില്‍ ഡിഎച്ച്‌എഫ്‌എല്ല് പ്രൊമോട്ടര്‍ കപില്‍ വധാവനും യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറും ക്രിമിനല്‍ ഗൂഢാലോചന നടത്തിയോ എന്നാണ് സിബിഐ അന്വേഷിക്കുന്നത്.

യെസ് ബാങ്കിനെതിരായ ജനങ്ങളുടെ പ്രകോപനത്തോടെ റാണ കപൂര്‍ ഇരയാക്കപ്പെടുകയായിരുന്നുവെന്നാണ് കപൂറിന്റെ അഭിഭാഷകന്‍ സെയിന്‍ ഷ്രോഫ് ചൂണ്ടിക്കാണിക്കുന്നത്. റിസര്‍വ് ബാങ്ക് യെസ് ബാങ്കിന് മൊറട്ടോറിയം പ്രഖ്യാപിച്ചതോടെ ഉപയോക്താക്കള്‍ക്ക് പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയാക്കി നിജപ്പെടുത്തിയത്. ഏപ്രില്‍ മൂന്ന് വരെയാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം നിലവിലുള്ളത്. എന്നാല്‍ നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണറും ധനകാര്യമന്ത്രിയും ഉറപ്പുനല്‍കിയിരുന്നു.

കപൂറും കുടുംബവും നിയന്ത്രിച്ച്‌ വരുന്ന ദെവാന്‍ ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് എന്ന കമ്ബനിക്ക് ലഭിച്ച 600 കോടിയുടെ ഫണ്ടിനെക്കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് പ്രധാനമായും അന്വേഷിച്ചുവരുന്നത്. റാണ കപൂര്‍ അറസ്റ്റിലായതിന്പിന്നാലെ റാണയുടെ മക്കളുടെ ഡല്‍ഹിയിലെയും മുംബൈയിലേയും വീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. റോഷ്‌നി കപൂര്‍, രാഖി കപൂര്‍ ഠണ്ടന്‍, രാധാ കപൂര്‍ എന്നിവരാണ് തട്ടിപ്പിന്റെ ഗുണഭോക്താക്കളെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.