ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിന്റെ മകള്‍ രോഷ്‌നി കപൂറിനെ മുംബൈ എയര്‍പോര്‍ട്ടില്‍ തടഞ്ഞു. ലണ്ടനിലേയ്ക്ക് പോകുന്ന വിമാനത്തില്‍ കയറുന്നതിനു തൊട്ടുമുന്‍പായാണ് രോഷ്‌നിയെ അധികൃതര്‍ തടഞ്ഞത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം റാണാ കപൂറിനെ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ രോഷ്‌നി കപൂറിനും മറ്റു കുടുംബാംഗങ്ങള്‍ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. റാണാ കപൂറിന്റെ മക്കളായ രോഷ്‌നി കപൂര്‍, രാഖി കപൂര്‍, രാധാ കപൂര്‍ എന്നിവര്‍ക്കും സാമ്ബത്തിക തട്ടിപ്പുമായി ബന്ധമുണ്ടെന്നാണ് സൂചന. ഇവരുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തുകയും ചെയ്തിരുന്നു.

ഡി.എച്ച്‌.എഫ്.എലിന് യെസ് ബാങ്ക് വായ്പ നല്‍കിയ കാലയളവില്‍ റാണ കപൂറിന്റെ ഭാര്യയുടെ അക്കൗണ്ടില്‍ വലിയതോതില്‍ പണമെത്തിയിരുന്നു. ഇതാണ് കള്ളപ്പണനിരോധന നിയമപ്രകാരം ഇയാള്‍ക്കെതിരേ അന്വേഷണം നടത്താന്‍ കാരണമായത്. 12,500 കോടി രൂപ ഡി.എച്ച്‌.എഫ്.എല്‍. എണ്‍പതോളം വ്യാജ കമ്ബനികളിലേക്ക് വകമാറ്റിയതായി നേരത്തേ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. യെസ് ബാങ്കില്‍നിന്ന് ലഭിച്ച തുകയാണ് ഇത്തരത്തില്‍ വകമാറ്റിയതില്‍ അധികവും.