പത്തനംതിട്ട : ഇറ്റലിയില്‍നിന്ന് മടങ്ങിയെത്തിയ മൂന്നു പേര്‍ ഉള്‍പ്പടെ പത്തനംതിട്ടയിലെ അഞ്ചുപേരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതിന്‍റെ ഞെട്ടലിലാണ് കേരളം. എന്നാല്‍ കൊറോണബാധിത രാജ്യത്തുനിന്ന് തിരിച്ചെത്തിയതാണെന്ന കാര്യം മറച്ചുവെയ്ക്കുകയാണ് അച്ഛനും അമ്മയും മകനും ഉള്‍പ്പടെയുള്ള കുടുംബം ചെയ്തത്.
എന്നാല്‍ സമാനലക്ഷണങ്ങളുമായി റാന്നി താലൂക്ക് ആശുപത്രിയിലെത്തിയ ഇവരുടെ ബന്ധുക്കളില്‍നിന്നാണ് രോഗബാധിതരെ കണ്ടെത്തിയത്. ഇറ്റലിയില്‍നിന്ന് എത്തിയതില്‍ ഒരാള്‍ രോഗലക്ഷണവുമായി സ്വകാര്യ ആശുപത്രിയില്‍ പോയി മരുന്ന് വാങ്ങിയെങ്കിലും കൊറോണ ലക്ഷണങ്ങള്‍ തിരിച്ചറിയാണ് അവിടുത്തെ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല.
റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ രണ്ടു ചോദ്യങ്ങളില്‍നിന്നാണ് രോഗബാധിതരായ അഞ്ചുപേരെയും കണ്ടെത്തി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റാനായത്.
ഫെബ്രുവരി 28ന് വൈകിട്ടോടെയാണ് ദമ്ബതികളും മകനും ഉള്‍പ്പടെയുള്ള കുടുംബം ഇറ്റലിയിലെ വെനീസില്‍നിന്ന് കേരളത്തിലേക്ക് തിരിക്കുന്നത്. ഖത്തര്‍ എയര്‍വേസിന്‍റെ കണക്ഷന്‍ ഫ്ലൈറ്റുകളിലൂടെ ഖത്തറിലെ ദോഹ വഴിയാണ് ഇവര്‍ കൊച്ചിയിലേക്ക് വരുന്നത്. വെനീസില്‍നിന്ന് ക്യൂ ആര്‍ 126 ഫ്ലൈറ്റില്‍ ദോഹയില്‍ എത്തുന്നു.
അവിടെ ഒന്നര മണിക്കൂര്‍ കാത്തിരിപ്പിനുശേഷം ക്യൂ ആര്‍ 514 വിമാനത്തില്‍ കൊച്ചിയിലേക്ക് പുറപ്പെടുന്നു. ഫെബ്രുവരി 29ന് രാവിലെ എട്ടരയോടെ കൊച്ചിയിലെത്തി. അവിടെനിന്ന് ബന്ധുക്കള്‍ എത്തിച്ച കാറില്‍ സ്വദേശമായ പത്തനംതിട്ടയിലെ റാന്നിയിലേക്ക് പുറപ്പെട്ടു.
തൊട്ടടുത്ത ദിവസങ്ങളില്‍ കോട്ടയത്തേത് ഉള്‍പ്പടെ ഉറ്റബന്ധുക്കളുടെ വീടുകളില്‍ ഇവര്‍ സന്ദര്‍ശനം നടത്തി. പള്ളിയില്‍ പോകുകയും ചില പൊതു ചടങ്ങുകളില്‍ സംബന്ധിക്കുകയും ചെയ്തു. ഇറ്റലിയില്‍നിന്ന് മടങ്ങിയെത്തിയ സ്ത്രീ മാര്‍ച്ച് നാലിന് തൊണ്ടയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
അവിടെയെത്തി ഡോക്ടറെ കണ്ടെങ്കിലും ഇറ്റലിയില്‍നിന്ന് വന്ന വിവരം മറച്ചുവെച്ചു. കൊറോണ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതില്‍ അവിടുത്തെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിക്കുകയും ചെയ്തു. തൊണ്ടയിലെ അണുബാധയ്ക്കുള്ള മരുന്നും വാങ്ങി അവര്‍ വീട്ടിലേക്ക് മടങ്ങി.
എന്നാല്‍ അതിന്‍റെ പിറ്റേദിവസം അതായത് മാര്‍ച്ച് അഞ്ചിന് ഇവരുടെ ഭര്‍ത്താവിന്‍റെ സഹോദരനും ഭാര്യയും സമാനമായ അസ്വസ്ഥതകളും അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തുന്നു. അവിടെ കൊറോണ രോഗലക്ഷണങ്ങങ്ങളാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ ഇവരോട് ചോദിച്ച രണ്ട് ചോദ്യങ്ങളിലൂടെ കാര്യങ്ങള്‍ മനസിലാക്കുന്നു.
അടുത്തിടെ വിദേശത്ത് പോയിരുന്നോ?
അടുത്ത ബന്ധത്തിലുള്ള ആരെങ്കിലും വിദേശത്തുനിന്ന് മടങ്ങിവന്നോ?
ഇതേത്തുടര്‍ന്ന് സഹോദരനും കുടുംബവും വിദേശത്തുനിന്ന് മടങ്ങിയെത്തിയ കാര്യവും സഹോദരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ വിവരവും അറിയിച്ചു.