ദോഹ: ഖത്തറില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ്(കൊവിഡ് 19) സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈയിടെ ഇറാനില്‍ നിന്നെത്തിയ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച വ്യക്തിയെ ഖത്തറിലെത്തിയ ഉടനെ പ്രത്യേകമായി മാറ്റിപ്പാര്‍പ്പിച്ചിരുന്നുവെന്നും മറ്റുള്ളവരുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ രാജ്യത്ത് രോഗം പടര്‍ന്നുപിടിക്കാനുള്ള സാധ്യത വിരളമാണെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

രോഗം സ്ഥിരീകരിച്ചയാളെ പകര്‍ച്ചവ്യാധി കേന്ദ്രത്തില്‍ പൂര്‍ണമായും ഐസൊലേറ്റ് ചെയ്താണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇയാളുടെ നില തൃപ്തികരമാണ്.

കൊവിഡ്19മായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രീ നമ്ബര്‍ മന്ത്രാലയം സജ്ജീകരിച്ചിട്ടുണ്ട്. 16,000 എന്ന നമ്ബറിലാണ് ഇതിനായി ബന്ധപ്പെടേണ്ടത്.