വൈറ്റ് ഹൗസിലെ ചീഫ് ഓഫ് സ്റ്റാഫ് മിക്ക് മുല്‍വാനിയെ തല്‍സ്ഥാനത്തുനിന്ന് നീക്കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പകരം നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള പ്രതിനിധി സഭാ അംഗം മാര്‍ക്ക് മെഡോസിനെ ചീഫ് ഓഫ് സ്റ്റാഫായി ട്രംപ് നിയമിച്ചു. മാസങ്ങളായി നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് മിക്ക് മുല്‍വാനിയെ ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്ത് നിന്ന് ട്രംപ് നീക്കിയത്. വടക്കന്‍ അയര്‍ലന്‍ഡിലെ യുഎസ് പ്രത്യേക പ്രതിനിധിയായി മുല്‍വാനിയെ നിയമിച്ചതായി ട്രംപ് അറിയിച്ചു.
നേരത്തെ മുല്‍വാനിയുടെ ചില പരാമര്‍ശങ്ങള്‍ ഇംപീച്ച്‌മെന്റ് വിചാരണയില്‍ ട്രംപിനെ ദോഷകരമായി ബാധിച്ചിരുന്നു. ഇത് അദ്ദേഹത്തെ ഏറെ പ്രകോപിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
അതേസമയം ചീഫ് ഓഫ് സ്റ്റാഫായി പുതിയതായി നിയമിക്കപ്പെട്ട മാര്‍ക്ക് മെഡോസ് ട്രംപിനോട് ഏറെ അടുപ്പം പുലര്‍ത്തുന്നയാളാണ്. മുന്‍കാലങ്ങളില്‍ ട്രംപിന്റെ പല യാഥാസ്ഥിതിക നിലപാടുകള്‍ക്ക് മാര്‍ക്ക് മെഡോസ് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. 2012ല്‍, അന്നത്തെ പ്രസിഡന്റ് ബരാക്ക് ഒബാമ അമേരിക്കയിലല്ല കെനിയയിലാണ് ജനിച്ചതെന്ന നിലയിലുള്ള കുപ്രചാരണമുണ്ടായപ്പോള്‍ അതിനെ പരസ്യമായി അനുകൂലിച്ച വ്യക്തിയാണ് മെഡോസ്.
തനിക്ക് ദീര്‍ഘകാലമായി അറിയുന്ന വ്യക്തിയാണ് മാര്‍ക്ക് മെഡോസ് എന്നും അദ്ദേഹവുമായി നല്ല ബന്ധമാണുള്ളതെന്നും ഡോണള്‍ഡ് ട്രംപ് ട്വിറ്ററില്‍ വ്യക്തമാക്കി.