കൊച്ചി: ചവറ എംഎൽഎ എൻ. വിജയൻ പിള്ള (69) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുലർച്ചെ 3.30 ന് ആയിരുന്നു മരണം സംഭവിച്ചത്.
പ്രമുഖ വ്യവസായിയും സിഎംപി (അരവിന്ദാക്ഷൻ വിഭാഗം) നേതാവുമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
28 വർഷം സിഎംപിയുടെ പഞ്ചായത്തംഗമായി തുടർന്ന അദ്ദേഹം 2000 കോൺഗ്രസിൽ ചേർന്നു. പിന്നീട് കരുണാകര വിഭാഗത്തിനൊപ്പം ചേർന്ന വിജയൻ പിള്ള സിഎംപിയിലേക്ക് തിരിച്ചെത്തി. ചവറയിൽ ഷിബു ബേബിജോണിനെതിരെ അട്ടിമറി ജയമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തമാക്കിയത്. ചവറ മണ്ഡലം രൂപീകരിച്ചതിനു ശേഷം ആർഎസ്പി പാർട്ടികൾ മാത്രം ജയിച്ചിരുന്നിടത്താണ് ഇടതു സ്വതന്ത്രനായുള്ള വിജയൻ പിള്ളയുടെ മുന്നേറ്റം