റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെ സഹോദരന്‍ അടക്കം മൂന്നുപേരെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നിര്‍ദേശ പ്രകാരം അറസ്റ്റ് ചെയ്തു. അറസ്റ്റിനു കാരണമെന്തെന്നു സൌദി വ്യക്തമാക്കിയിട്ടില്ല. സല്‍മാന്‍ രാജാവിന്‍റെ ഇളയ സഹോദരന്‍ അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ്, മുന്‍ കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായിരുന്ന മുഹമ്മദ് ബിന്‍ നായിഫ്, രാജകുടുംബാംഗം നവാഫ് ബിന്‍ നായിഫ് എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ബിന്‍ സല്‍മാനെതിരെയുള്ള ഭരണ അട്ടിമറി നീക്കത്തെതുടര്‍ന്നാണ് അറസ്റ്റ് നടപടിയെന്നു അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അറസ്റ്റിലായ മുഹമ്മദ് ബിന്‍ നായിഫിനെ മാറ്റിയാണ് രണ്ടായിരത്തിപതിനാറില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായി ചുമതലയേറ്റത്. രണ്ടായിരത്തിപതിനേഴില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നിര്‍ദേശപ്രകാരം അഴിമതിയാരോപിച്ചു പതിനൊന്നു രാജകുടുംബാംഗങ്ങളേയും നാലു മന്ത്രിമാരേയും അറസ്റ്റ് ചെയ്തിരുന്നു. അതിനുശേഷം ആദ്യമായാണ് ഉന്നതതലത്തിലുള്ള അറസ്റ്റ് നടപടികള്‍.