നോയിഡ: യുവതി വസ്ത്രം മാറുന്നതിനിടെ ട്രയല്‍ മുറിയില്‍ ഒളിഞ്ഞുനോക്കിയ ജീവനക്കാരന്‍ അറസ്റ്റില്‍. നോയിഡയിലെ ഒരു വസ്ത്രവ്യാപാര കടയിലാണ് സംഭവം ഉണ്ടായത്. യുവതിയുടെ പരാതിയില്‍ കടയിലെ ഹൗസ് കീപ്പിങ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരമാണ് കേസിനാസ്പ​ദമായ സംഭവം നടക്കുന്നത്. ഭര്‍ത്താവിനൊപ്പം നോയിഡയിലുള്ള ഷോപ്പിങ് മാളിലെത്തിയതായിരുന്നു യുവതി. മാളിലുള്ള ഒരു ബ്രാന്‍ഡഡ് കടയിലെത്തി യുവതി വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുകയും ട്രയലിനായി ട്രയല്‍ മുറിയിലേക്ക് പോകുകയും ചെയ്തു.

ഇതിനിടെയാണ് ഇരുപത്തിയൊന്നുകാരനായ ജീവനക്കാരന്‍ ട്രയല്‍ മുറിയില്‍ എത്തി നോക്കുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടതെന്ന് യുവതി പരാതിയില്‍ പറഞ്ഞു.നോയിഡ സെക്ടര്‍ 24 പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ കടയില്‍വച്ചുതന്നെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റ‌ഡിയില്‍വിട്ടു.