റിയാദ്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്ക് എത്തുന്നവർക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കൊവിഡ്-19 സ്ഥിരീകരിച്ച ഇന്ത്യയുൾപ്പെടെ എല്ലാ രാജ്യങ്ങളിൽനിന്നും സൗദിയിലേക്ക് വരുന്നവർക്കാണ് നിയമം ബാധകമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൊവിഡ് 19 ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രമേ സൗദിയിൽ പ്രവേശിക്കാന്‍ കഴിയൂ. സൗദി കോണ്‍സുലേറ്റിന്റെ അംഗീകാരമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍നിന്ന് 24 മണിക്കൂര്‍ മുമ്പ് എടുത്ത സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ സ്വീകരിക്കൂ.
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ബോര്‍ഡിംഗ് പാസുകള്‍ നല്‍കാവൂ എന്ന് കൊറോണ ബാധിത രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ക്കും അധികൃതർ നിര്‍ദേശം നല്കി.വിദേശ രാജ്യങ്ങളില്‍നിന്ന് സൗദിയിലേക്ക് റോഡ് മാര്‍ഗം പ്രവേശിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.
യുഎഇ, കുവൈത്ത്, ബഹ്റിന് എന്നീ രാജ്യങ്ങളില്‍നിന്ന് ഇനി മുതല്‍ റോഡ് മാര്‍ഗം സൗദിയിൽ പ്രവേശിക്കാന്‍ കഴിയില്ല. വിമാനത്താളങ്ങൾവഴി മാത്രമേ ഇനി രാജ്യത്ത് ആളുകളെ പ്രവേശിപ്പിക്കുകയുള്ളുവെന്നും സൗദി ഭരണകൂടം അറിയിച്ചു.