രഞ്ജി ട്രോഫിയിലെ സൂപ്പര്‍ സ്റ്റാര്‍ വസീം ജാഫര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. സ്വപ്നം പൂര്‍ത്തിയാക്കി, അഭിമാനത്തോടെ മടങ്ങുന്നു’ എന്നാണ് വിരമിക്കല്‍ കുറിപ്പില്‍ താരം വ്യക്തമാക്കിയത്.
താരം ഇതുവരെ ഇന്ത്യക്കായി 31 ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 2008 ഓഗസ്റ്റിലാണ് ഇന്ത്യന്‍ ജഴ്സിയില്‍ അവസാന മത്സരം താരം കളിച്ചത്. രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം കൂടിയാണ് വസീം ജാഫര്‍.
‘സ്‌കൂള്‍ കാലം മുതല്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് വരെയുള്ള കാലഘട്ടത്തില്‍ എന്നെ പരിശീലിപ്പിച്ച എല്ലാ പരിശീലകര്‍ക്കും പ്രത്യേകം നന്ദി പറയുന്നു. എന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാ സെലക്ടര്‍മാര്‍ക്കും നന്ദി അറിയിക്കുന്നു. ഒപ്പം എനിക്ക് ഒരുപാട് നല്ല ഓര്‍മകള്‍ സമ്മാനിച്ച സഹതാരങ്ങള്‍ക്കും എന്റെ ക്യാപ്റ്റന്‍മാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി. ബി.സി.സി.ഐ, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍,മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരേയും ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നു.’ വിരമിക്കല്‍ പ്രഖ്യാപിച്ച് വസീം ജാഫര്‍ വ്യക്തമാക്കി.
‘മക്കളില്‍ ആരെങ്കിലും ഒരാള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കണമെന്നത് അച്ഛന്റെ സ്വപ്നമായിരുന്നു. അദ്ദേത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാനായതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു, ഇനി ഗ്രൗണ്ടില്‍ നിന്ന് കയറേണ്ട സമയമാണ്. ഇത് ആദ്യ ഇന്നിങ്സിന്റെ അവസാനം മാത്രമാണ്. കമന്ററിയും കോച്ചിങ്ങുമായി രണ്ടാം ഇന്നിങ്സ് തുടങ്ങുന്നത് ആലോചിക്കുന്നുണ്ട്.’- വസീം ജാഫര്‍