പി.ജെ. ജോസഫ്-ജോണി നെല്ലൂര്‍ ലയനം അക്ഷരാര്‍ത്ഥത്തില്‍ ആശങ്കയിലാക്കിയിരിക്കുന്നത് കോണ്‍ഗ്രസിനെയാണ്. പാലാ ഉപതിരഞ്ഞെടുപ്പില്‍ സംഭവിച്ച കനത്ത തോല്‍വി കുട്ടനാട്ടിലും ആവര്‍ത്തിക്കുമോ എന്നാണ് കോണ്‍ഗ്രസിന്റെ ആശങ്ക. കേരളാ കോണ്‍ഗ്രസ് എമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ പി.ജെ. ജോസഫിനെയും ജോസ്.കെ. മാണിയെയും ഒരുമിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നടത്തുന്നതിനിടെയാണ് ലയനം. കുട്ടനാട് കോണ്‍ഗ്രസ് ഏറ്റെടുത്ത് കേരളാ കോണ്‍ഗ്രസിന് വേറെ ഏതെങ്കിലും സീറ്റ് നല്‍കാമെന്ന നിര്‍ദ്ദേശവും പാര്‍ട്ടിക്കു മുന്നിലുണ്ട്. എന്നാല്‍ കുട്ടനാട്ടില്‍ കേരളാ കോണ്‍ഗ്രസ് മത്സരിക്കുമെന്ന വാശിയിലാണ് ജോസഫും ജോസ് പക്ഷവും.

ജേക്കബ് പക്ഷത്ത് വിള്ളലുണ്ടാക്കിയാണ് ജോണിനെല്ലൂര്‍ ജോസഫ് പക്ഷത്തോട് അടുത്തത്. അനൂപ് ജേക്കബാണ് പാര്‍ട്ടി ലീഡറെങ്കിലും ജോണി നെല്ലൂരാണ് ചെയര്‍മാന്‍ സ്ഥാനത്തുണ്ടായിരുന്നത്. എന്നാല്‍ ജോസഫ് പക്ഷവുമായി ലയിക്കുന്നതിനാല്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് പാര്‍ട്ടി പിരിച്ചുവിട്ടതായും കഴിഞ്ഞ ദിവസം ജോണിനെല്ലൂര്‍ പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ നയപരമായ കാര്യങ്ങള്‍ തീരുമാനിക്കാന്‍ പാര്‍ട്ടി ലീഡര്‍ക്കാണ് അധികാരമെന്നായിരുന്നു അനൂപ് ജേക്കബിന്റെ പ്രതികരണം. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജോണി നെല്ലൂരിനെതിരെ അച്ചടക്ക സമിതി രൂപീകരിച്ചിരുന്നു. അവരുടെ റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ച അനൂപ് ജേക്കബിന് കൈമാറുകയും ചെയ്തിരുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ജോണിനെല്ലൂര്‍, സി. മോഹന്‍പിള്ള, വിന്‍സെന്റ് ജോസഫ് എന്നിവരെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. എഴുകോണ്‍ സത്യന്‍, രാജു പാണാലിക്കല്‍, കെ.ആര്‍. ഗിരിജന്‍ എന്നിവരടങ്ങിയ അച്ചടക്ക സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. കേരളാ കോണ്‍ഗ്രസ് എമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടും നടക്കാതിരുന്ന സാഹചര്യത്തിലാണ് ജേക്കബ് വിഭാഗത്തില്‍ വിള്ളലുണ്ടായിരിക്കുന്നത്. ഇതോടെ കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങള്‍ കോണ്‍ഗ്രസിന് ഒരു തലവേദനയാണെന്ന സംസാരവും നേതാക്കള്‍ക്കിടയിലുണ്ട്.