ന്യുയോർക്ക്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നു പിടിച്ചിരിക്കുന്ന കോവിഡ് 19 എന്ന വൈറസിനെ പ്രതിരോധിക്കാൻ സഭാ വിശ്വാസികൾ കൂടുതൽ ജാഗ്രത പാലിക്കണം എന്ന് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന അധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് ഇടവകൾക്ക് അയച്ച സർക്കുലറിൽ കൂടി മുന്നറിയിപ്പ് നൽകി.

ചുമ, പനി, ശ്വാസതടസം, മൂക്കൊലിപ്പ് തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ കഴിവതും ആരാധനകളിൽ പങ്കെടുക്കുന്നതിൽ നിന്നും തൽക്കാലം ഒഴിവാകണം. എല്ലാ ദേവാലയങ്ങളിലും ആവശ്യത്തിന് ഹാൻഡ് സാനിറ്റൈസറുകൾ ലഭ്യമാക്കണം. കുർബ്ബാന ശുശ്രുഷയോട് അനുബന്ധിച്ച് പരസ്പരം സമാധാനം ആശംസിക്കുന്നതിനായി കൈകൾ ചേർത്ത് പിടിക്കുന്നതിനു പകരമായി കൈകൾ കൂപ്പി (നമസ്തേ) സമാധാനം നൽകുന്നത് നന്നായിരിക്കും.

വൈദീകർ വിശുദ്ധ കുർബ്ബാന വിശ്വാസികൾക്ക് നൽകുന്നതിനു മുമ്പായി കൈകൾ കഴുകി ശുദ്ധമാക്കണം. വീഞ്ഞും അപ്പവും നൽകുമ്പോൾ അവ സ്വീകരിക്കുന്ന വിശ്വാസികളുടെ വായിൽ കഴിവതും സ്പർശിക്കാതെ നൽകുവാൻ ശ്രമിക്കേണ്ടതാണ്. ദേവാലയവും പരിസരവും അതോടൊപ്പം വിശ്വാസ സമൂഹവും ശുചിത്വത്തിന് പ്രഥമ പരിഗണന നൽകണം.

കൊറോണയെ ഫലപ്രദമായി നേരിടുന്നതിനായി ലോകത്ത് വിവിധ രാജ്യങ്ങളിൽ ഗവണ്മെന്റിന്റെ നേതൃത്വത്തിൽ നടത്തപെടുന്ന എല്ലാ പ്രവർത്തനങ്ങളെയും, ഇതുമൂലം വിഷമിക്കുന്ന ജനതയെയും പ്രത്യേകം പ്രാർത്ഥനയിൽ ഓർക്കണമെന്നും ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് സഭാ വിശ്വാസികളോട് അഭ്യർത്ഥിച്ചു.