കോഴിക്കോട്: വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ നോട്ടറി അഭിഭാഷകനെ കൂടത്തായി കൊലക്കേസില്‍ പ്രതിചേര്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. നോട്ടറി അഭിഭാഷകനായ അഡ്വ. സി.വിജയകുമാറിനെ റോയ് തോമസ് വധക്കേസില്‍ പ്രതിചേര്‍ക്കാനാണു നിയമ സെക്രട്ടറി അനുമതി നല്‍കിയത്. മുഖ്യപ്രതി ജോളി ജോസഫ് ഭര്‍തൃപിതാവ് ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാനായി വ്യാജ ഒസ്യത്ത് തയ്യാറാക്കിയത് സാക്ഷ്യപ്പെടുത്തി എന്നതാണു കുറ്റം.

നോട്ടറി എന്ന നിലയില്‍ ചെയ്യുന്ന ജോലികള്‍ക്കു നിയമസംരക്ഷണം ഉള്ളതിനാല്‍ പ്രതി ചേര്‍ക്കാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമായതിനാലാണ് അന്വേഷണ സംഘം നിയമ സെക്രട്ടറിക്ക് അപേക്ഷ നല്‍കിയത്. റോയ് വധക്കേസില്‍ സാക്ഷിയായിരുന്ന വിജയകുമാറിനെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം അടുത്ത ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വ്യാജ ഒസ്യത്തില്‍ സാക്ഷിയായി ഒപ്പിട്ട സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കെ.മനോജ് കുമാര്‍ കേസില്‍ നാലാം പ്രതിയാണ്. മനോജ് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് വിജയകുമാര്‍ വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയതെന്നു പൊലീസ് കണ്ടെത്തി.