തിരുവനന്തപുരം: മാര്‍ക്ക് ദാന വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത് . എല്ലാ സ്ഥാപനങ്ങള്‍ക്കും പരാതി പരിഹാരത്തിന് അതിന്റേതായ വ്യവസ്ഥകളുണ്ട് . അതിനുള്ളില്‍ നിന്നു കൊണ്ടേ അത് ചെയ്യാവൂ എന്ന് ഗവര്‍ണര്‍ വ്യക്തമാക്കി . സര്‍വകലാശാലകള്‍ മികവ് പുലര്‍ത്തണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. നിയമത്തിന് അതീതമായി ഇടപെടാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
‘നിയമം ലംഘിച്ചു കൊണ്ടാകാരുത് ആളുകളുടെ പരാതികള്‍ പരിഹരിക്കേണ്ടത്. അതിന് നിയമപരമായ മാര്‍ഗങ്ങള്‍ ഉണ്ട്. എല്ലാ സര്‍വകലാശാലകളും നിയമം അനുസരിച്ച് തന്നെ പ്രവര്‍ത്തിക്കണം. ഇക്കാര്യത്തില്‍ നേരത്തെ തന്നെ സര്‍വകലാശാലകള്‍ക്ക് താന്‍ നിര്‍ദേശം നല്‍കിയിരുന്നു . കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് നല്ല പ്രതിച്ഛായ ആണുള്ളത്. സര്‍വ്വകലാശാല മാര്‍ക്ക് ദാനത്തിലെ റിപ്പോര്‍ട്ട് ആര്‍ക്കും എതിരല്ല. എല്ലാവരും നിയമം അനുസരിക്കുന്നു എന്ന് ഉറപ്പ് വരുത്താന്‍ വേണ്ടി മാത്രമുള്ള നടപടികളാണ് ഇതെല്ലാമെന്നും’ ഗവര്‍ണര്‍ വിശദീകരിച്ചു.