ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസം മുഴുവന്‍ പഞ്ചിംഗ് തല്‍ക്കാലം നിര്‍ബന്ധമാക്കില്ലെന്ന് ഉത്തരവ്. രാജ്യത്താകമാനം കൊറോണവൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഈ ഉത്തരവ് പുറത്തിറക്കിയത്. രോഗം ബാധിച്ചവര്‍ തൊട്ട പ്രതലങ്ങളില്‍ തൊട്ടാല്‍ പോലും രോഗം പകരുമെന്നിരിക്കെ, ഈ മാസം മുഴുവന്‍ വിരല്‍ വച്ചുള്ള ബയോമെട്രിക് സംവിധാനം തല്‍ക്കാലം പിന്‍വലിക്കുകയാണെന്നാണ് ഉത്തരവില്‍ പറയുന്നത്.

തല്‍ക്കാലം വളരെക്കുറച്ച്‌ കൊറോണവൈറസ് ബാധ മാത്രമേ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെങ്കിലും, ഈ രോഗബാധയുടെ പ്രകൃതം അനുസരിച്ച്‌, പരമാവധി പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. പ്രതലങ്ങള്‍ വഴിയും വൈറസ് പകരാന്‍ സാധ്യതയുണ്ട്. രോഗബാധയുണ്ടെന്ന് സംശയിക്കപ്പെടുന്ന ആളുകള്‍ തൊട്ട പ്രതലത്തില്‍ തൊട്ടാലും രോഗബാധയുണ്ടായേക്കാം.

നൂറു കണക്കിന് ആളുകള്‍ ദിവസവും ബയോമെട്രിക് രീതി ഉപയോഗിച്ച്‌ വിരലടയാളം പതിപ്പിക്കുന്ന പഞ്ചിംഗ് മെഷീനും അതിനാല്‍ സുരക്ഷിതമല്ല എന്ന് വിലയിരുത്തുന്നു. അതിനാലാണ് തല്‍ക്കാലം പഞ്ചിംഗ് നിര്‍ബന്ധമാക്കിയത് ഒഴിവാക്കിയിരിക്കുന്നത് എന്നും ഉത്തരവിലുണ്ട്. അതേസമയം, പഞ്ചിംഗിന് പകരം, ആധാര്‍ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പഞ്ചിംഗ് എന്ന സംവിധാനം ഉപയോഗിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.