കായംകുളം : മലേഷ്യയിൽ തൊഴിലുടമയുടെ ക്രൂര പീഡനത്തിനിരയായ ഹരിപ്പാട് സ്വദേശി ഹരിദാസനു ചികിത്സാസഹായവുമായി നടൻ മമ്മൂട്ടി. മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ആയുർവേദ ചികിത്സാകേന്ദ്രത്തിൽ ഹരിദാസനു ചികിത്സ നൽകാമെന്നാണു ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്.
മലേഷ്യയിൽ ജോലി ചെയ്ത ശന്പളം ആവശ്യപ്പെട്ടപ്പോഴാണു തൊഴിലുടമ ഹരിദാസനെ ശരീരമാസകലം പൊള്ളലേൽപ്പിച്ചു പീഡിപ്പിച്ചത്. നാലു വർഷം മുന്‍പാണു ഹരിദാസൻ മലേഷ്യയിൽ ബാർബർ ജോലിക്കായി പോയത്. എന്നാൽ, രണ്ടു മൂന്നു മാസം കൂടുന്പോഴാണ് ശന്പളം ലഭിച്ചിരുന്നത്. കഴിഞ്ഞ ആറു മാസമായി പണമൊന്നും നൽകിയിരുന്നില്ല. ശന്പളം ചോദിച്ചപ്പോൾ, ശരീരമാസകലം പൊള്ളലേൽപ്പിച്ച് ഒരാഴ്ചയോളം മരുന്നൊന്നും നൽകാതെ പീഡിപ്പിച്ചതായും ഹരിദാസൻ പറഞ്ഞു.
പണം കവർന്നെന്നു കള്ളക്കഥയുണ്ടാക്കിയായിരുന്നു പീഡനം. ഇരുന്പുദണ്ഡ് പഴുപ്പിച്ചു ശരീരത്തിൽവച്ചു പൊള്ളലേൽപ്പിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. ബന്ധുക്കളെ ഫോണിൽ ബന്ധപ്പെടാൻ പോലും അനുവദിച്ചില്ല. ദിവസങ്ങൾക്കുശേഷം സമീപത്തെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തമിഴ്നാട് സ്വദേശിയുടെ ഫോണിൽനിന്നു ഭാര്യയെ വിളിച്ചാണ് പീഡനവിവരം അറിയിക്കുന്നത്. ശരീരത്തിൽ പൊള്ളലേൽപ്പിച്ച ചിത്രങ്ങളും ഹരിദാസൻ ഭാര്യക്ക് അയച്ചുകൊടുത്തിരുന്നു.