ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അടുത്തിടെ അരങ്ങേറിയ കലാപത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 53 ആയി. ഗുരു തേഖ് ബഹാദൂര്‍(ജിടിബി) ആശുപത്രിയില്‍ 44 പേരും മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ അഞ്ച് പേരും മൂന്ന് പേര്‍ ലോക് നായക് ആശുപത്രിയിലും മരിച്ചു. ഒരാള്‍ ജഗ് പ്രവേശ് ചന്ദ്ര ആശുപത്രിയിലും മരിച്ചു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഏറ്റുമുട്ടിയതോടെ തുടങ്ങിയ കലാപമാണ് പടര്‍ന്നുപിടിച്ചത്.

കലാപവുമായി ബന്ധപ്പെട്ട് 654 കേസുകളും രജിസ്റ്റര്‍ ചെയ്തു. 1820 പേരെ അറസ്റ്റ് ചെയ്തു. കലാപത്തില്‍ 79 വീടുകളും 327 വ്യാപാര സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കിയിരുന്നു. കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതില്‍ എഎപി മുന്‍ നേതാവ് താഹിര്‍ ഹുസൈന്‍ അറസ്റ്റിലായിരുന്നു.