ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അടുത്തിടെ അരങ്ങേറിയ കലാപത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 53 ആയി. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഏറ്റുമുട്ടിയതോടെ തുടങ്ങിയ കലാപമാണ് പടര്‍ന്നുപിടിച്ചത്.

ഗുരു തേജ് ബഹാദൂര്‍ (ജിടിബി) ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞയാളാണ് വ്യാഴാഴ്ച മരിച്ചത്. കലാപത്തിനിടെ 44 പേരാണ് ജിടിബി ഹോസ്പിറ്റലില്‍ മരിച്ചത്. ഇതില്‍ 43 പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. എല്‍എന്‍ജെപി ഹോസ്പിറ്റലില്‍ മൂന്നുപേരും ആര്‍എംഎല്‍ ഹോസ്പിറ്റലില്‍ അഞ്ചുപേരും മരിച്ചു. ജഗ് പ്രവേശ് ചന്ദ്ര ഹോസ്പിറ്റലിലാണ് ഒരാള്‍ മരിച്ചത്. 20 നും 40 വയസിനുമിടെ പ്രായമുള്ളവരാണ് മരിച്ചവരില്‍ ഏറെയുമെന്ന് ജിടിബി ആശുപത്രിയിലെ മെഡിക്കല്‍ ഡയറക്ടര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

298 പേര്‍ ജിടിബിയില്‍ ചികിത്സയില്‍ കഴിയുന്നു.

ANI

@ANI

Death toll in Delhi violence rises to 53 (44 at GTB hospital, 5 at RML hospital, 3 at LNJP hospital & 1 at Jag Pravesh Chandra Hospital)

View image on Twitter
171 people are talking about this

അതിനിടെ, കലാപത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. വീട്ടുപകരണങ്ങള്‍ കൊള്ളയടിച്ചതിന് ഒരു ലക്ഷം രൂപയും ഭാഗികമായി കൊള്ളയടിച്ചതിന് 50,000 രൂപയും നഷ്ടപരിഹാരം നല്‍കും. സ്‌കൂളുകള്‍ക്ക് 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കും.

നേരത്തെ വീടൊന്നിന് അഞ്ച് ലക്ഷം രൂപയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ നാല് ലക്ഷം ഉടമയ്ക്കും ഒരു ലക്ഷം വാടകക്കാരനും എന്നായിരുന്നു പറഞ്ഞിരുന്നത്. കലാപത്തില്‍ ആകെയുള്ള സാമ്ബത്തിക നഷ്ടം 25,000 കോടി രൂപയുടേതെന്ന് കണക്കുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സ്വകാര്യ വസ്തു വകകളും വ്യാപാര സ്ഥാപനങ്ങളും മറ്റും അക്രമികള്‍ തീവെച്ച്‌ നശിപ്പിച്ചിരുന്നു. ഇതുകണക്കാക്കിയാണ് നഷ്ടം 25,000 കോടിയുടേതാണെന്ന് ഡല്‍ഹി ചേംബര്‍ ഓഫ് കൊമേഴ്‌സ് വിലയിരുത്തിയത്.

ഏകദേശം 92 വീടുകള്‍, 57 കടകള്‍, 500 വാഹനങ്ങള്‍, ആറ് ഗോഡൗണുകള്‍, രണ്ട് സ്‌കൂളുകള്‍, നാല് ഫാക്ടറികള്‍, നാല് ആരാധനാലയങ്ങള്‍ തുടങ്ങിയവയാണ് അക്രമികള്‍ തീവെച്ച്‌ നശിപ്പിച്ചത്.