വിനീത് ശ്രീനിവാസന്‍-പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഹൃദയം. അടുത്തിടെ ഷൂട്ടിംഗ് ആരംഭിച്ച സിനിമയ്ക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് പ്രണവിന്റെ നായികയായി എത്തുന്നത്. മായാനദിയിലൂടെ ശ്രദ്ധേയയായ ദര്‍ശന രാജേന്ദ്രനും പ്രധാന വേഷത്തില്‍ എത്തുന്നു. ഷൂട്ടിംഗ് പുരോഗമിക്കവേ ഹൃദയത്തിന്റെതായി വിനീത് പങ്കുവെച്ച ഒരു ലൊക്കേഷന്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഹൃദയത്തിലെ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുളള ഒരു ചിത്രമാണ് സംവിധായകന്‍ പങ്കുവെച്ചത്. ഫോട്ടോയ്ക്ക് വിനീത് ശ്രീനിവാസന്‍ നല്‍കിയ ക്യാപ്ഷനും ശ്രദ്ധേയമായിരുന്നു. ഫോട്ടോയില്‍ പ്രണവുണ്ടെന്നും കണ്ടുപിടിക്കാമോയെന്നും വിനീത് ചോദിച്ചു. പിന്നാലെ നടന്റെ പോസ്റ്റിന് താഴെ നിരവധി പേര്‍ കമന്റുകളുമായി എത്തിയിരുന്നു. അതേസമയം ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് പിന്നാലെയാണ് വിനീത് ശ്രീനിവാസന്‍ ഹൃദയവുമായി എത്തുന്നത്.

ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രമാണ് ഹൃദയമെന്ന് നടന്‍ പറഞ്ഞിരുന്നു. പതിനേഴ് വയസു മുതല്‍ തന്റെ ഇപ്പോഴത്തെ പ്രായം വരെയുളള ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ചിത്രത്തിലൂടെ കാണിക്കുന്നത്. തന്റെ ലൈഫില്‍ താന്‍ അനുഭവിച്ചിട്ടുളള ഒട്ടേറെ കാര്യങ്ങള്‍ ഹൃദയത്തിന്റെ കഥയില്‍ ഉണ്ടെന്ന് വിനീത് പറഞ്ഞിരുന്നു. പ്രണവിനും കല്യാണിക്കുമൊപ്പം അജു വര്‍ഗീസ്, വിജയരാഘവന്‍, ബൈജു, അരുണ്‍ കുര്യന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ഹിഷാം അബ്ദുള്‍ വഹാബാണ് ഹൃദയത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. സിനിമ ഓണം റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. തുടര്‍ച്ചയായ വിജയ ചിത്രങ്ങള്‍ക്ക് ശേഷമാണ് വിനീത് ശ്രീനിവാസന്‍ വീണ്ടും സംവിധായകനാവുന്നത്. അടുത്തിടെ പുറത്തിറങ്ങിയ അരവിന്ദന്റെ അതിഥികള്‍, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, മനോഹരം തുടങ്ങിയ സിനിമകള്‍ നടന്റെതായി തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു.