ന്യൂഡല്‍ഹി: ബലാല്‍സംഗക്കേസുകളില്‍ സുപ്രിം കോടതി അതിവേഗത്തില്‍ നീതി ഉറപ്പാക്കാനുള്ള മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്ന് നിര്‍ഭയയുടെ മാതാവ് ആഷ ദേവി. ”എന്റെ മകളുടെ കൊലയാളികളുടെ വധശിക്ഷ നിരവധി തവണ മാറ്റിവയ്ക്കുകയുണ്ടായി. ഇതാവര്‍ത്തിക്കുകയാണെങ്കില്‍ ജനങ്ങള്‍ക്ക് നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടും. കോടതികളിലുള്ള വിശ്വാസം നിലനില്‍ക്കണമെങ്കില്‍ ഇത്തരം കേസുകളില്‍ അതിവേഗത്തില്‍ നീതി ലഭ്യമാകുന്ന തരത്തില്‍ സുപ്രിം കോടതി മാര്‍ഗരേഖ പുറപ്പെടുവിക്കണം”- ആഷാ ദേവി മാധ്യമങ്ങളോട് പറഞ്ഞു.

”പ്രതികളുടെ അഭിഭാഷകന്‍ ഇപ്പോള്‍ മറ്റൊരു ദയാഹരജിയുമായി വന്നിരിക്കുകയാണ്. അക്ഷയ് സിങ് താക്കൂറിന്റെ ഹരജിയാണ് പുതുതായി വന്നിരിക്കുന്നത്. അദ്ദേഹത്തിന് കോടതിയില്‍ മറ്റൊന്നും പറയാനില്ല”- മാത്രമല്ല, അദ്ദേഹം ജനങ്ങളെയും കോടതിയെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

ഈ വരുന്ന മാര്‍ച്ച്‌ 20 ന് വധശിക്ഷ നടപ്പാക്കാനാണ് ഡല്‍ഹി പാട്യാല ഹൗസ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇത് നാലാം തവണയാണ് ഇതേ കേസില്‍ കോടതി മരണ വാറന്റ് പുറപ്പെടുവിക്കുന്നത്.