യു എ ഇ: കോവിഡ് -19 വൈറസ് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യു എ ഇ. വെള്ളിയാഴ്ച പ്രാര്‍ത്ഥനയില്‍ ആവശ്യമായ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് എന്‍‌ഡോവ്‌മെന്‍റ് യു‌എഇയിലെ എല്ലാ ഇസ്ലാമുകളോടും ആവശ്യപ്പെട്ടു.

വിശുദ്ധ ഖുര്‍ആനിലെ രണ്ട് വാക്യങ്ങള്‍ മാത്രമേ ഇമാമുകള്‍ വായിക്കാവൂ എന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ട്, പ്രസംഗ കത്തില്‍ സൂചിപ്പിച്ചിരിക്കുന്ന കൃത്യമായ പ്രസംഗവും ദുവയും വായിക്കുക, പ്രാര്‍ത്ഥനകള്‍ 10 മിനിറ്റില്‍ കൂടരുത് എന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഇത്തരം നിയന്ത്രണങ്ങള്‍ വൈറസ് പടരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് സര്‍ക്കുലര്‍ വിശദീകരിച്ചു, രോഗശമനത്തെക്കാള്‍ പ്രതിരോധമാണ് നല്ലതെന്ന് അധികൃതര്‍ പറഞ്ഞു.

അതേസമയം, ദുബായില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് പുറത്തു വന്നു. കുട്ടിയുടെ മാതാപിതാക്കള്‍ വിദേശയാത്ര നടത്തിയിരുന്നു. അവരില്‍ നിന്നുമാണ് കൊറോണ കുട്ടിയ്ക്ക് ബാധിച്ചതെന്നാണ് പ്രാഥമിക വിവരം. വിദേശത്തു നിന്നും തിരിച്ചെത്തി അഞ്ചു ദിവസം കഴിഞ്ഞപ്പോഴാണ് കുട്ടിയുടെ മാതാപിതാക്കളില്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ഇപ്പോള്‍ ഇവരുടെ ആരോഗ്യനില സാധാരണ ഗതിയിലാണെന്ന് മെഡിക്കല്‍ അധികൃതര്‍ അറിയിച്ചു.

ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയിരുന്ന എല്ലാവരേയും ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധിക്കുന്നുണ്ട്. കൊറോണ രാജ്യമെമ്ബാടും പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ കര്‍ശനമായ മുന്‍കരുതലിന്റെ ഭാഗമായി യുഎഇയിലെ സ്കൂളുകള്‍ക്ക് ഒരു മാസത്തേയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു.