കെഎസ്ആർടിസി സമരത്തെ ന്യായീകരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബസുകൾ റോഡിൽ അല്ലാതെ ആകാശത്ത് നിരത്താൻ പറ്റുമോയെന്ന കാനത്തിന്റെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനമാണെന്ന് ചെന്നിത്തല പറഞ്ഞു.
ഭരണത്തിന്റെ പൂർണ സ്തംഭനമാണ് തലസ്ഥാനത്ത് ബുധനാഴ്ച കണ്ടത്. ആറു മണിക്കൂർ ജില്ലാ കളക്ടറും പോലീസ് അധികാരികളും എവിടെയായിരുന്നുവെന്നും ചെന്നിത്തല ചോദിച്ചു. സമരത്തെ രാഷ്ട്രീയ വത്കരിക്കാൻ നോക്കണ്ടെന്നും എല്ലാ യൂണിയനുകളും സമരത്തിനുണ്ടായിരുന്നില്ലെന്ന മന്ത്രി കടകംപള്ളിയുടെ വാദം തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.
സിഐടിയു പ്രവർത്തകരും സമരത്തിൽ പങ്കെടുത്തിരുന്നു. ഫോർട്ട് സ്റ്റേഷൻ ഉപരോധത്തിലാണ് സിഐടിയു പ്രവർത്തകർ എത്തിയത്. സമരത്തിന് നേതൃത്വം നൽകിയത് കെഎസ്ആർടിഇ ഭാരവാഹിയെന്നും ചെന്നിത്തല വ്യക്തമാക്കി. നേരത്തേ, സിഐടിയു പ്രവർത്തകർ സമരത്തിൽ പങ്കെടുത്തിട്ടില്ലെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നത്.