ന്യൂയോര്‍ക്കില്‍ അഞ്ച് പുതിയ കൊറോണ വൈറസ് (കോവിഡ് 19) കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധിതനായ അഭിഭാഷകന്‍ ലോറന്‍സ് ഗാര്‍ബുസിന്റെ സുഹൃത്ത് ഈ രോഗത്തിന് പോസിറ്റീവ് ആണെന്ന് പരിശോധനയില്‍ തെളിഞ്ഞു. കൂടാതെ സുഹൃത്തിന്‍റെ ഭാര്യ, രണ്ട് ആണ്‍മക്കള്‍, മകള്‍ എന്നിവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 11 ആയതായി ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ക്യൂമോ ബുധനാഴ്ച പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

പരിശോധനയ്ക്ക് വിധേയനായ മറ്റൊരു വ്യക്തി 50 വയസുള്ള അഭിഭാഷകനുമായി ബന്ധപ്പെട്ടിരുന്നതായും, അഭിഭാഷകന്‍റെ സുഹൃത്ത് നിരവധി സാഹചര്യങ്ങളില്‍ അടുത്ത് സമയം ചെലവഴിച്ചതായും ക്യൂമോ പത്രസമ്മേളനത്തില്‍ പറഞ്ഞു.

‘അഭിഭാഷകന്റെ സുഹൃത്തിന്റെ ഭാര്യയെയും രണ്ട് ആണ്‍മക്കളെയും മകളെയും പരിശോധനയ്ക്ക് വിധേയരാക്കി. അവര്‍ക്കെല്ലാം പോസിറ്റീവ് ആയിരുന്നു,’ ക്യൂമോ പറഞ്ഞു. അതോടെ പുതിയതായി അഞ്ച് കേസുകള്‍ കൂടി സ്ഥിരീകരിക്കപ്പെട്ടു എന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ അഞ്ച് പുതിയ രോഗികളുടെ കൃത്യമായ അവസ്ഥ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അഞ്ചു പേരെയും അവരുടെ വീട്ടില്‍ തന്നെ ഐസൊലേഷനില്‍ താമസിപ്പിച്ചിരിക്കുകയാണ്. കുടുംബത്തിലെ മറ്റൊരു പെണ്‍‌കുട്ടിയുടെ പരിശോധനാ ഫലം നെഗേറ്റീവ് ആണെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു.

ഒരു ആരോഗ്യ പരിപാലന പ്രവര്‍ത്തകനെ ഞായറാഴ്ച എമ്പയര്‍ സ്റ്റേറ്റിലെ ആദ്യത്തെ കേസായി സ്ഥിരീകരിച്ചതിനുശേഷമാണ് ഗ്രാന്‍ഡ് സെന്‍ട്രലിനടുത്ത് ഓഫീസുള്ള ഗാര്‍ബുസിനെ ചൊവ്വാഴ്ച രണ്ടാമത്തെ രോഗിയായി തിരിച്ചറിഞ്ഞത്.

യെശിവ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ ഗാര്‍ബുസിന്‍റെ 20 വയസുള്ള മകന്‍, ഗാര്‍ബുസിന്റെ ഭാര്യ, 14 വയസുള്ള മകള്‍ എന്നിവരെ അവരുടെ അയല്‍വാസിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് അധികൃതര്‍ അറിയിച്ചു. ആ അയല്‍‌വാസിക്കും വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി.

രോഗബാധിതരായവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവരെ കണ്ടെത്താന്‍ ഡിസീസ് ഡിറ്റക്ടീവുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തില്‍ ന്യൂയോര്‍ക്ക് വെസ്റ്റ്ചെസ്റ്ററിലുടനീളം ആയിരത്തോളം ആളുകളെ നിര്‍ബന്ധിതമോ സ്വയമോ ആയ ക്വോറന്റീന് വിധേയരാക്കിയിരിക്കുകയാണ്. ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ ഏറ്റവും സങ്കീര്‍ണ്ണമായ കേസുകളാണിതെന്ന് ക്യൂമോ പറഞ്ഞു.