ടെക്സാസ് സ്റ്റേറ്റ് ഡിസ്ട്രിക്ട് 27 ൽ നിന്ന് ടെക്സാസ് ഹൌസ് ഓഫ് റെപ്ര സെന്ററ്റീവിലേക്ക് മത്സരിച്ച ഹൂസ്റ്റൺ മലയാളികളുടെ അഭിമാനമായ ടോം വിരിപ്പന് ഉജ്ജ്വല വിജയം. റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്
ഡിസ്ട്രിക്ട് 22 ൽ നിന്ന് യുഎസ് കോൺഗ്രസിലേക്ക് മത്സരിച്ച ഇന്ത്യക്കാരനായ ശ്രീ പ്രെസ്റ്റൺ കുൽക്കർണി ഡെമോക്രറ്റിക് പാർട്ടിയിൽ നിന്നുള്ള എല്ലാ എതിരാളികളെയും നിഷ്പ്രഭമാക്കി കോൺഗ്രസ് സ്ഥാനാർത്ഥിയായി യോഗ്യത നേടി.
സ്റ്റാഫ്‌ഫോർഡ്, മിസൗറി സിറ്റി, ഷാഡോ ക്രീക്ക് (ഫോർട്ബെൻഡ് ഏരിയ) ഉൾപ്പെടെ ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ തിങ്ങിപ്പാർക്കുന്ന ഡിസ്ട്രിക്ട് 27 ൽ ശക്തമായ മത്സരമാണ് ടോം കാഴ്ച വച്ചത്. ടോം ഒരു നല്ല എഴുത്തുകാരനും ഹൂസ്റ്റണിലെ സാമൂഹ്യ സംസ്കാരിക രംഗത്ത് നിറ സാന്നിധ്യവും റിയൽ എസ്റ്റേറ്റ് ഏജന്റുമാണ്. ടോമിന് ഒരു എതിരാളി മാത്രമേയുണ്ടായിരുന്നുള്ളു. അതും ഇന്ത്യക്കാരനായ മനീഷ് സേത്ത്.
പോൾ ചെയ്ത 6988 വോട്ടുകളിൽ 54.11 ശതമാനം വിരിപ്പന് എതിരാളിയും ഇന്ത്യക്കാരനുമായ മനീഷ് സേത്തിനു 45.89 ലഭിച്ചു. നിലവിലെ ഡെമോക്രാ
റ്റിക് റെപ്രെസെന്ററ്റീവ് റോൺ റെയ്‌നോൾഡ്‌സുമായാണ് വിരിപ്പൻ നവംബറിൽ ഏറ്റുമുട്ടുക. വിരിപ്പൻ നവംബറിൽ പൊതു തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ്. ജയിച്ചാൽ ടെക്സാസ് ഹൗസിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ അംഗം എന്ന നിലയിൽ ഒരു ചരിത്ര സംഭവമായി മാറും. മലയാളികൾക്ക് ഏറെ അഭിമാനിക്കാവുന്ന ചരിത്ര നേട്ടവും.
മാർച്ച് മൂന്നിന് നടന്ന യുഎസ് റെപ്രസെന്റെറ്റീവ് പ്രൈമറി ഇലക്ഷനിൽ വീണ്ടും കരുത്തു കാട്ടി ഡെമോക്രാറ്റ് സ്ഥാനാർഥി ശ്രീ പ്രെസ്റ്റൺ കുൽക്കർണി. 2018 നവംബറിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് വേദിയിലെ സ്ഥിര സാന്നിധ്യമായിരുന്ന റിപ്പബ്ലിക്കൻ പീറ്റ് ഓൾസിൻറെ ഭൂരിപക്ഷം വളരെ ചുരുങ്ങിയ മാർജിനുള്ളിൽ ഒതുക്കിയ ഇന്ത്യക്കാരുടെ ആവേശമായി മാറിയ കുൽക്കർണി വീണ്ടും പ്രൈമറിയിൽ ഉജ്ജ്വല വിജയം നേടിയിരിക്കുന്നു.
പോൾ ചെയ്ത 62860 വോട്ടുകളിൽ കുൽക്കർണിക്കു 53.5 ശതമാനം ലഭിച്ചപ്പോൾ തൊട്ടടുത്ത എതിരാളിയായ ഡെറിക് റീഡിന് 24.5 ശതമാനമേ ലഭിച്ചുള്ളൂ.
യു എസ് വിദേശകാര്യ സർവീസിൽ ദീർഘനാളത്തെ അനുഭവ പരിചയം ഉള്ള കുൽക്കർണിയുടെ കോൺഗ്രസ് പ്രവേശനം എളുപ്പമായി. നവംബറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ നിലവിലെ കോൺഗ്രസ്സംഗം പീറ്റ് ഓൾസെൻ മത്സരിക്കുന്നില്ല.
റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിച്ച മലയാളിയായ ഡാൻ മാത്യൂസിന് മത്സരിച്ച 15 സ്ഥാനാർഥികളിൽ നിന്ന് അഞ്ചാം സ്ഥാനത്തേക്കെത്തുവാൻ കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. ഈ ജില്ലയിൽ ഫോർട്ട് ബെൻഡ് കൗണ്ടി, ബ്രസോറിയ, ഹാരിസ് കൗണ്ടിയുടെ ഭാഗം എന്നിവ ഉൾപ്പെടുന്നു. നിരവധി ഏഷ്യൻ അമേരിക്കൻ വംശജരും പ്രത്യേകിച്ച് ഇന്ത്യക്കാർ ധാരാളവുമുള്ള ജില്ലയാണ് ഇത്.
മറ്റൊരു ശ്രദ്ധേയമായ മത്സരമായിരുന്നു ഫോർട്ബെൻഡ് കൗണ്ടി 505 ഡിസ്ട്രിക്ററ് കോർട്ട് ജഡ്ജ് മത്സരം ഡെമോക്രാറ്റിക് പാർട്ടി സീറ്റിനുവേണ്ടി മൽസരിച്ച മലയാളിയായ സുരേന്ദ്രൻ.കെ പട്ടേൽ ശക്തമായ മത്സരമാണ് കാഴ്ച വച്ചത്. അനായാസം ജയിച്ചു കയറാമെന്നു കരുതിയ കാലി മോർഗനു 44.63 ശതമാനം മാത്രമേ ലഭിച്ചുള്ളൂ. പോൾ ചെയ്ത 57150 വോട്ടുകളിൽ 17302 വോട്ടുകൾ നേടി (30.27 ശതമാനം) സുരേന്ദ്രൻ മത്സരത്തെ ശക്തമാക്കി. 50 ശതമാനം ഒരു സ്ഥാനാർത്ഥിക്കും ലഭിക്കാത്തതിനാൽ മെയ് 26 നു നടക്കുന്ന റൺ ഓഫ് ഇലെക്ഷനിൽ ഇവർ വീണ്ടും മത്സരിക്കും.
ഫോർട്ട്ബെൻഡ് കൗണ്ടി ടാക്സ് അസ്സെസർ കളക്ടർ സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ സീറ്റിനായി മത്സരിച്ച മലയാളിയായ ജെയ്സൺ ജോസഫ് പരാജയപെട്ടുവെങ്കിലും ശക്തമായ മത്സരമാണ് കാഴ്ചവച്ചത്.
2018 ലെ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ ഫോർട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജിൽ നിന്നും ഫോർട്ബെൻഡ് കൗണ്ടി കോർട്ട് 3 ജഡ്ജ് ജൂലി മാത്യുവിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഹൂസ്റ്റണിലെ മലയാളികൾ അമേരിക്കയിലെ തിരഞ്ഞെടുപ്പ് രംഗത്ത് വീണ്ടും നേട്ടങ്ങൾ കൊയ്യുന്നുവെന്നത് ശ്രദ്ധേയമാണ്.