സ്വര്‍ണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ലഭിക്കേണ്ട നികുതിയില്‍ ഗണ്യമായ ചോര്‍ച്ച ഉണ്ടാകുന്നതായി ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയെ അറിയിച്ചു. സ്വര്‍ണ്ണ കള്ളക്കടത്താണ് നികുതി ചോര്‍ച്ചയ്ക്ക് പ്രധാന കാരണം. നിലവിലെ ജിഎസ്ടി സംവിധാനത്തിലുള്ള അപാകതകള്‍ നിരവധിതവണ ചൂണ്ടിക്കാട്ടിയിട്ടും കേന്ദ്ര സര്‍ക്കാര്‍ അത് തിരുത്താന്‍ നടപടി സ്വീകരിച്ചിട്ടില്ല. അതിനാല്‍ സംസ്ഥാന ജിഎസ്ടി വകുപ്പിന് കീഴില്‍ ചില കര്‍ശന നടപടികള്‍ സ്വീകരിച്ച് നികുതി ചോര്‍ച്ചയ്ക്ക് പരിഹാരം കാണും. ഇതിന്റെ ആദ്യഘട്ടമെന്ന നിലയ്ക്ക് 75 കടകളില്‍ നികുതിവകുപ്പ് പരിശോധന നടത്തി അതിന്റെ കമ്ബ്യൂട്ടര്‍ രേഖകള്‍ സിഡാക്ക് പരിശോധിച്ചുവരികയാണ്. 10ന് ചേരുന്ന ഡിമാന്റ് ചര്‍ച്ചയില്‍ മറ്റു വിശദാംശങ്ങള്‍ വെളിപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.
സ്വര്‍ണ്ണത്തിന് ജിഎസ്ടി പിരിക്കുന്നതില്‍ നികുതിവകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. വിഡി സതീശനാണ് അടിയന്തര പ്രേയ നോട്ടീസിന് അവതരണാനുമതി തേടിയത്. ലോക സ്വര്‍ണ്ണ വ്യാപാരത്തില്‍ മൂന്നില്‍ ഒരു ഭാഗം കൈകാര്യം ചെയ്യുന്നത് ഇന്ത്യയാണ്. 30 ശതമാനം. ആയിരത്തിലധികം ടണ്‍ സ്വര്‍ണ്ണമാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ ഏറെയും ഉപഭോക്താക്കളുള്ളത് കേരളത്തിലാണ്. ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ കുത്തനെ വര്‍ദ്ധിപ്പിച്ചു. ഇതോടെ സ്വര്‍ണ്ണ കള്ളക്കടത്ത് വര്‍ദ്ധിക്കാ തുടങ്ങി. സ്വര്‍ണ്ണ കടത്ത് കണ്ടുപടിക്കാന്‍ കസ്റ്റംസിന്റെ അധികാരം സംസ്ഥാന ജിഎസ്ടി വകുപ്പിനില്ല. അവര്‍ക്ക് പരിശോധന നടത്താന്‍ നിയമപരമായ പരിമിതികളുണ്ട്. എങ്കിലും പരിശോധനകള്‍ ശക്തമാക്കി കള്ളക്കടത്ത് പിടികൂടാനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി നടത്തുന്നുണ്ട്.
ഇ ഇന്‍വോയിസും കടകളില്‍ നിന്നും വില്‍ക്കുന്ന സ്വര്‍ണ്ണത്തിന് ക്യൂആര്‍ കോഡും കൊണ്ടുവന്നാല്‍ ഫലപ്രദമായി നികുതി ചോര്‍ച്ച ഒഴിവാക്കാനാകുമെന്ന് കേന്ദ്രത്തെ അറിയിച്ചു. എന്നാല്‍ അത് പറ്റില്ലെന്ന നിലപാടാണ് ഭൂരിഭാഗം സംസ്ഥാനങ്ങള്‍ക്കും ഉള്ളത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഈ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ജിഎസ്ടി ഉദ്യോഗസ്ഥര്‍ 75 കടകളില്‍ പരിശോധന നടത്തിയിട്ടുണ്ട്. അതിന്റെ അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണ്. കംപ്യൂട്ടര്‍ ഹാര്‍ഡിസ്‌കുകള്‍ പരിശോധിക്കാന്‍ സിഡാക്കിനെ ഏല്‍പ്പിച്ചാല്‍ കാലതാമസം വരുന്നതിനാല്‍ ജിഎസ്ടി വകുപ്പുതന്നെ സൈബര്‍ ഫോറന്‍സിക് ലാബ് സജ്ജീകരിക്കുകയാണ്. നികുതി പിരിവിന് ചില കര്‍ശന നടപടികള്‍ തന്നെ കൈക്കൊള്ളും. വേണ്ടിവന്നാല്‍ കടയില്‍ ജിഎസ്ടി ഉദ്യോഗസ്ഥരെ നിര്‍ത്തുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.