ന്യൂഡല്‍ഹി: മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘം വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. അധിര്‍ രഞ്ജന്‍ ചൗധരി, രണ്‍ദീപ് സിങ് സുര്‍ജേവാല, കുമാരി സെല്‍ജ തുടങ്ങിയ നേതാക്കളാണ് രാഹുലിനൊപ്പമുണ്ടായത്.
അവര്‍ ഇന്ത്യയെ വിഭജിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഭാവിയാണ് ഇവിടെ കത്തിയെരിഞ്ഞത്. വിദ്വേഷവും അതിക്രമങ്ങളും നമ്മെ തകര്‍ക്കുകയാണ്. ആര്‍ക്കും ഇതില്‍ നിന്ന് ഒരു ലാഭവും ലഭിക്കാന്‍ പോകുന്നില്ല- ബ്രിജ്പുരി മേഖലയില്‍ സംഘ്പരിവാര്‍ കലാപകാരികള്‍ തീകൊളുത്തിയ സ്കൂള്‍ സന്ദര്‍ശിച്ച് രാഹുല്‍ പറഞ്ഞു.
ഇന്ത്യയുടെ യശസ്സിനാണ് കളങ്കമേറ്റിരിക്കുന്നത്. ഇത് രാജ്യത്തിന്‍റെ നഷ്ടമാണ്. ലോകത്തിന് മുന്നില്‍ നമുക്കുണ്ടായിരുന്ന സല്‍പേര് കത്തിയെരിഞ്ഞു. ഇന്ത്യയെ ഈ സാഹചര്യത്തില്‍ നിന്നും മുന്നോട്ട് നയിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട് -രാഹുല്‍ പറഞ്ഞു.
സംഘ്പരിവാര്‍ നേതൃത്വത്തില്‍ കലാപകാരികള്‍ അഴിഞ്ഞാടിയ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ 48 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 200ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.