കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറിയും ഇപ്പോള്‍ സംസ്ഥാന സമിതിയംഗവുമായ പി ജയരാജന് വധഭീഷണി. തപാല്‍ വഴിയാണ് ഉടന്‍ കൊലപ്പെടുത്തുമെന്ന ഭീഷണി കത്ത് ലഭിച്ചത്. കതിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുമ്ബ് ഇദ്ദേഹത്തിന് നേരെ വധശ്രമം നടന്നിട്ടുണ്ട്. 1999 ആഗസ്റ്റ് 25 നായിരുന്നു വധശ്രമം നടന്നത്. ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി. 2010 മുതല്‍ 2019 വരെ ജില്ലാ സെക്രട്ടറിയായിരുന്ന ഇദ്ദേഹത്തിന് കണ്ണൂരില്‍ വന്‍ ജനപിന്തുണ നേടാനായിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് പാര്‍ട്ടിക്കകത്ത് നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു.

മുന്‍ നിയമസഭാംഗമാണ് ജയരാജന്‍. 2001 മുതല്‍ 2006 വരെ നിയമസഭയില്‍ കൂത്തുപറമ്ബ് നിയോജക മണ്ഡലത്തെ അദ്ദേഹം പ്രതിനിധീകരിച്ചിരുന്നു. 2019 ല്‍ വടകരയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനോട് തോറ്റു. വടകര സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെയാണ് ഇദ്ദേഹം ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.