ന്യൂഡല്‍ഹി : നിര്‍ഭയ കേസ് പ്രതികള്‍ക്ക് മുന്‍പില്‍ ഇനി തൂക്കുകയര്‍ മാത്രം. ഏറ്റവും ഒടുവിലായി പ്രതി പവന്‍ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. നാല് പ്രതികളിലൊരാളായ ഗുപ്ത തിങ്കളാഴ്ചയാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്നായിരുന്നു ആവശ്യം.
മാര്‍ച്ച് മൂന്നിനായിരുന്നു നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടക്കേണ്ടിയിരുന്നത്. നേരത്തെ പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹരജി സുപ്രിംകോടതി തള്ളിയിരുന്നു. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചായിരുന്നു ഹരജി പരിഗണിച്ചത്. പ്രതിയുടെ വാദങ്ങളില്‍ കഴമ്ബില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയില്‍ പവന്‍ ഗുപ്തയും അക്ഷയ് കുമാറും നല്‍കിയ ഹര്‍ജി മുന്‍പ് തള്ളിയിരുന്നു.
ദയാഹര്‍ജി പരിഗണിക്കവേ വധശിക്ഷ നടപ്പാക്കരുത് എന്നാണ് ചട്ടം. മരണവാറണ്ട് പ്രകാരം മാര്‍ച്ച് മൂന്നിനായിരുന്നു നാല് പ്രതികളേയും തൂക്കിലേറ്റേണ്ടിയിരുന്നത്. മറ്റ് മൂന്ന് പേരുടെയും ദയാ ഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നേരത്തെ തന്നെ തള്ളിയതാണ്.
2012 ഡിസംബര്‍ 16 നാണ്, ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. വര്‍ഷങ്ങള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ശേഷം മുകേഷ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരെ തൂക്കിക്കൊല്ലാന്‍ കോടതി ഉത്തരവിടുകയായിരുന്നു.