കൊളംബോ: കാലാവധി പൂര്‍ത്തിയാക്കാന്‍ ആറ് മാസം ശേഷിക്കെ പാര്‍ലമെന്റ് പിരിച്ചുവിട്ട് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെ. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ പാര്‍ലമെന്റിന് നിയമസാധുതയുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച ഗോതാബയ ഏപ്രില്‍ 25-ന് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

2015 സെപ്റ്റംബര്‍ ഒന്നിനാണ് നിലവിലെ പാര്‍ലമെന്റ് സത്യപ്രതിജ്ഞ ചെയ്തത്. പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള ഏറ്റവും ചുരുങ്ങിയ കാലയളവായ നാലര വര്‍ഷം ഞായറാഴ്ച അര്‍ധരാത്രി പൂര്‍ത്തിയായ സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ നടപടി. മെയ് 14 ന് പുതിയ പാര്‍ലമെന്റ് ആദ്യയോഗം ചേരും.

കഴിഞ്ഞ നവംബറിലെ തിരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയത്തെ തുടര്‍ന്ന് ഡിസംബറില്‍ ഗോതാബയ തന്റെ സഹോദരനായ മഹിന്ദ രാജപക്‌സെയെ കാവല്‍മന്ത്രിസഭയുടെ പ്രധാനമന്ത്രിയായി നിയമിച്ചിരുന്നു. മാര്‍ച്ച്‌ 12 മുതല്‍ 19 ന് ഉച്ച വരെ സ്ഥാനാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാം. 225 അംഗ പാര്‍ലമെന്റില്‍ മഹിന്ദ രാജപക്‌സെ അധികാരം പിടിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. രണ്ടുതവണ പ്രസിഡന്റും മൂന്നുതവണ പ്രധാനമന്ത്രിയുമായിട്ടുള്ളയാളാണ് മഹിന്ദ