ന്യൂഡൽഹി: പൗരത്വഭേദഗതി ബില്ലിനെതിരേയും ഡൽഹിയിൽ അടുത്തിടെ നടന്ന കലാപങ്ങളിൽ പ്രതിഷേധിച്ചും വിദ്യാർഥികൾ രാംലീല മൈതാനത്തേയ്ക്കു നടത്തിയ റാലി പോലീസ് തടഞ്ഞു. 185-ൽപരം വിദ്യാർഥികളാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
യംഗ് ഇന്ത്യ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്തിലായിരുന്നു പ്രതിഷേധം. ജന്തർമന്ദറിനടുത്ത് ഇരുനൂറോളം വിദ്യാർഥികൾ ഒന്നിച്ചു കൂടുകയും രാംലീല മൈതാനത്തിലേക്ക് മാർച്ച് നടത്താൻ തയാറെടുക്കുകയുമായിരുന്നു. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട വിദ്യാർഥികൾ കേന്ദ്രസർക്കാരിനെതിരേ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പൗരത്വഭേദഗതി ബില്ലിനെതിരേ സംഘടിക്കുന്നവരെ പോലീസ് പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
മുൻ ഐഎഎസ് ഓഫീസർ കണ്ണൻ ഗോപിനാഥനും പ്രതിഷേധത്തിൽ പങ്കെടുത്തു. ഇവരെയെല്ലാം പോലീസ് കസ്റ്റഡിയിലെടുത്ത് നഗരത്തിലെ വിവിധ സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് വിട്ടയച്ചു.