തൊടുപുഴ: മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചെന്ന പരാതിയില്‍ കെ.എസ്.യു. നേതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. കെ.എസ്.യു. പ്രവര്‍ത്തകയായ പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് തൊടുപുഴ മുട്ടം പോലീസ് കേസെടുത്തത്.
കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബാഹുല്‍ കൃഷ്ണ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സെയ്ദ് അലി, ജില്ലാ സെക്രട്ടറി സജ്‌ന എന്നിവര്‍ക്കെതിരെയാണ് പെണ്‍കുട്ടിയുടെ പരാതി. പെണ്‍കുട്ടിയുടെ സുഹൃത്ത് മോര്‍ഫ് ചെയ്ത ചിത്രം കണ്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ പരാതിയില്‍ ആരോപിക്കുന്ന മോര്‍ഫ് ചെയ്ത ചിത്രമോ വീഡിയോയോ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
അതേസമയം, തങ്ങള്‍ക്കെതിരെയുള്ള പെണ്‍കുട്ടിയുടെ പരാതി കള്ളമാണെന്ന് കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളുടെ ഭാഗമായാണ് ഈ പരാതിയെന്നും അദ്ദേഹം ആരോപിച്ചു. മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് പിന്നില്‍ താനടക്കം ഉള്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു പെണ്‍കുട്ടിയുടെ സംശയം. ഇതാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സംഘടനയ്ക്കുള്ളിലും പരാതി നല്‍കിയിരുന്നു. തന്റെ പേരടക്കം വലിച്ചിഴച്ച് പോലീസില്‍ പരാതി നല്‍കിയതിന് പിന്നില്‍ സംഘടനയ്ക്കുള്ളിലെ ഗ്രൂപ്പ് രാഷ്ട്രീയമാണെന്നും സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും ബാഹുല്‍ കൃഷ്ണ പറഞ്ഞു.