തിരുവനന്തപുരം: കൊറോണ വൈറസിനെ ചെറുക്കുന്നതിനുള്ള കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര സര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ കാബിനറ്റ് സെക്രട്ടറി രാജീവ് ഗാവ്ബ എല്ലാ സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിലാണ് കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത്.
ചൊവ്വാഴ്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാബിനറ്റ് സെക്രട്ടറിയുടെ യോഗത്തില്‍ കൊറോണ നിയന്ത്രണത്തില്‍ കേരളം ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു.
മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ പല സംസ്ഥാനങ്ങള്‍ മുന്നോട്ട് വരികയും ചെയ്തു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാമെന്ന് സംസ്ഥാനം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.