ദേശീയ ജനസംഖ്യ രജിസ്റ്റര്‍ കേരളത്തില്‍ നടപ്പാക്കില്ല, സെന്‍സസ് നടപടികളുമായി സംസ്ഥാനം സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ചോദ്യോത്തരവേളയ്ക്കിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ദേശീയ ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട് ജനങ്ങളിലുണ്ടായ ആശങ്ക പരിഹാരിക്കാന്‍ ഈ മാസം 16-ന് സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വനിയമവും, ദേശീയ ജനസംഖ്യ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. കനേഷ് കുമാരി (സെന്‍സസ്) നടപടികള്‍ സംസ്ഥാനത്ത് പതിവു പോലെ നടക്കും. ഇക്കാര്യത്തില്‍ പൊതുജനങ്ങളിലുണ്ടായ ആശങ്ക അനാവശ്യമാണ്. എങ്കിലും ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന ആശങ്ക ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മാര്‍ച്ച്‌ 16-ന് ജനസംഖ്യരജിസ്റ്റര്‍, പൗരത്വ രജിസ്റ്റര്‍ എന്നിവയിലുണ്ടായ ആശങ്ക പരിഹരിക്കാനായി സര്‍വ്വകക്ഷിയോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.