ചുമയും പനിയും ബാധിച്ച് വിശ്രമത്തിലായിരുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് കൊറോണ ബാധയില്ലെന്ന് പരിശോധനാ ഫലം. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്ന് വത്തിക്കാന്‍ വക്താവ് മാറ്റേയോ ബ്രൂണി പറഞ്ഞു. നിലവില്‍ താമസസ്ഥലത്ത് വിശ്രമത്തില്‍ തുടരുകയാണ് മാര്‍പ്പാപ്പ.
മാര്‍പ്പാപ്പയ്ക്ക് അസുഖം പിടിപെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാതെ ചെറിയ അസുഖം മാത്രമാണെന്നാണ് വത്തിക്കാന്‍ ഇതുസംബന്ധിച്ച് നല്‍കിയ വിശദീകരണം. കൊറോണ പരിശോധന നടത്തിയോ എന്ന കാര്യത്തിലും പ്രതികരിക്കാന്‍ വത്തിക്കാന്‍ തയ്യറായിരുന്നില്ല.
ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്തിയ വിശ്വാസികളോട് അസുഖം മൂലം ഒരാഴ്ച നീളുന്ന ആത്മീയ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് പോപ്പ് ഫ്രാന്‍സിസ് പ്രഖ്യാപിച്ചിരുന്നു.റോമന്‍ ഗ്രാമത്തില്‍ നടത്തുന്ന പരിപാടിയില്‍ നിന്ന് ജലദോഷം മൂലമാണ് പിന്‍വാങ്ങുന്നതെന്നാണ് അറിയിച്ചിരുന്നത്.
ഏഴ് വര്‍ഷത്തെ പോപ്പ് സേവനത്തില്‍ ആദ്യമായാണ് ഫ്രാന്‍സിസ് ആത്മീയ ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. വത്തിക്കാന്റെ സുപ്രധാന ചടങ്ങുകളില്‍ നിന്നാണ് 83കാരനായ പോപ്പിന് ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് വിട്ടുനില്‍ക്കേണ്ടി വന്നത്. ചെറുപ്പത്തില്‍ തന്നെ ശ്വാസകോശത്തിന്റെ ഒരു ഭാഗം രോഗം ബാധിച്ച് നീക്കം ചെയ്തിട്ടുണ്ട്. പോപ്പിന്റെ ഈ ആഴ്ചത്തെ പരിപാടികളും റദ്ദാക്കിയിരുന്നു.
ബുധനാഴ്ച കരിക്കുറിപെരുന്നാളില്‍ പങ്കെടുത്തതിന് ശേഷം ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ ജനലില്‍ എത്തിയാണ് ആദ്യമായി പോപ്പ് വിശ്വാസികളെ കണ്ടത്. ഞായറാഴ്ചയും രണ്ട് തവണ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിനിടെ ചുമ അദ്ദേഹത്തിന്റെ പ്രസംഗം തടഞ്ഞിരുന്നു. ഇതോടെ ജലദോഷം മൂലം ആത്മീയ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇറ്റലിയില്‍ കൊറോണാവൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പോപ്പിന്റെ ലക്ഷണങ്ങള്‍ ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. ഇതാണിപ്പോള്‍ അവസാനിച്ചിരിക്കുന്നത്.