കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ഒന്നാംപ്രതിയായ മുന്‍ എസ്‌ഐ വി കെ സാബു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ഹൈക്കോടതി നല്‍കിയ ജാമ്യം സുപ്രിംകോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന് കേസന്വേഷണം ഏറ്റെടുത്ത സിബിഐ, സാബുവിനെ വീണ്ടും അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഒന്നാം പ്രതിയായ സാബുവിന്റെ ജാമ്യാപേക്ഷയെ സിബിഐ എതിര്‍ക്കാനാണ് സാധ്യത. 2019 ജൂണ്‍ 21നാണ് വാഗമണ്‍ സ്വദേശിയായ രാജ്കുമാര്‍ പീരുമേട് ജയിലില്‍ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെടുന്നത്.

കേസില്‍ അഞ്ച് പോലിസുകാരെയും ഒരു ഹോം ഗാര്‍ഡിനെയും സിബിഐ അറസ്റ്റുചെയ്തിരുന്നു. എഎസ്‌ഐമാരായ റെജിമോന്‍, റോയി പി വര്‍ഗീസ്, പോലിസുകാരായ ജിതിന്‍ കെ ജോര്‍ജ്, സഞ്ജീവ് ആന്റണി, നിയാസ്, ഹോം ഗാര്‍ഡ് ജയിംസ് എന്നവരാണ് അറസ്റ്റിലായത്. രാജ്കുമാറിന്റെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് ലോക്കല്‍ പോലിസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സിബിഐയ്ക്ക് കൈമാറാന്‍ തീരുമാനിച്ചത്. സിബിഐ തിരുവനന്തപുരം യൂനിറ്റ് ഡിവൈഎസ്പി സുരീന്ദര്‍ ദില്ലോണിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ ജുഡീഷ്യല്‍ അന്വേഷണവും നടക്കുന്നുണ്ട്.