ന്യൂഡല്‍ഹി: ജമ്മു കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര തീരുമാനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എം വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.കേസില്‍ വാദം കേള്‍ക്കുന്ന അഞ്ചംഗ ബെഞ്ച് തന്നെ കേസ് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
1959ലെ പ്രേംനാഥ് കൗള്‍ കേസിലും 1970ലെ സമ്ബത് പ്രകാശ് കേസിലും ഭരണഘടനയുടെ 370-ാം ആര്‍ട്ടിക്കിള്‍ അനുസരിച്ച് പ്രഖ്യാപിച്ച വിധികള്‍ തമ്മില്‍ വൈരുദ്ധ്യങ്ങളു ണ്ടെന്നും അതിനാല്‍ 370-ാം വകുപ്പ് ദുര്‍ബലപ്പെടുത്തിയതിനെതിരായ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ 1959ലെയും 1970ലെയും വിധികള്‍ തമ്മില്‍ വൈരുദ്ധ്യമില്ലെന്നാണ് ജസ്റ്റിസ് എം.വി. രമണയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ആഗസ്?റ്റിലാണ് പ്രതിപക്ഷ പ്രതിഷേധങ്ങളെ അവഗണിച്ചുകൊണ്ട് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ നീക്കുകയും ജമ്മുകശ്മീരിനെ ലഡാക്ക്, ജമ്മുകശ്മീര്‍ എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശമാക്കി വിഭജിക്കുകയും ചെയ്തത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ നിരവധി ഹരജികളാണ് സുപ്രീംകോടതിയുടെ പരിഗണനക്കെത്തിയിരിക്കുന്നത്.
അതേസമയം 370-ാം വകുപ്പ് ദുര്‍ബലപ്പെടുത്തിയതിനെതിരായ ഹര്‍ജിക അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെങ്കിലും അവ എപ്പോഴാകുമെന്ന് കോടതി വിശദീകരിച്ചിട്ടില്ല.