കൊച്ചി: ചോദ്യം ചെയ്യലിനിടെ ഇഷ്ട ഭക്ഷണം കിട്ടാത്തതിന്റെ പരാതി പൊലീസിനോട് പങ്കുവെച്ച് അധോലോക കുറ്റവാളി രവി പൂജാരി. ഇഡ്ഡലിയും ദേശയും കഴിച്ച് മടുത്തെന്നും ചിക്കനോ മട്ടനോ തരണമെന്നുമാണ് രവി പൂജാരിയുടെ ആവശ്യം. അപേക്ഷ കേട്ട് അമ്പരന്ന് അന്വേഷണ സംഘം. ഇതിന് വേണ്ട ചെലവ് എന്താണെങ്കിലും മുടക്കാന്‍ തയ്യാറാണെന്നും രവി പൂജാരി പറയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഴ്ച്ചയില്‍ രണ്ടു ദിവസം നോണ്‍വെജ് വിഭവമുണ്ടെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും കിട്ടുന്നത് ഒരു കഷ്ണം മാത്രമാണെന്നുമൊക്കെയാണ് രവി പൂജാരിയുടെ പരാതി. പൊലീസ് അറസ്റ്റ് ചെയ്ത് കാര്യങ്ങള്‍ ഇത്രത്തോളമായ സ്ഥിതിക്ക് ചിക്കനോ മട്ടനോ ഒക്കെ ആഹാരമായി തരാന്‍ പറയണമെന്നാണ് രവി പൂജാരിയുടെ ആവശ്യം.
നിലവില്‍ കര്‍ണാടക പൊലീസിന്റെ കസ്റ്റഡിയിലാണ് രവി പൂജാരി. ഇയാളില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ഇനിയും പുറത്തു വരാനുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കേരളത്തിലെ കേസുകള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ അട്ടിമറിച്ചെന്ന് രവി പൂജാരി ബംഗളൂരു പൊലീസിനോട് സമ്മതിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. രവി പൂജാരിയെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ബംഗലുരു പൊലീസിന്‍റെ കസ്റ്റഡിയിലുള്ള രവിപൂജാരിയെ ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിയും ചോദ്യം ചെയ്തിരുന്നു. കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍.