അഫ്ഗാനിസ്ഥാനില്‍ അമേരിക്ക ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് താലിബാന് പിന്മാറുന്നു. അഫ്ഗാന് സൈന്യത്തിനെതിരായ നടപടികള്‍ തുടരുമെന്നും വിദേശ സൈനികരെ ആക്രമിക്കില്ലെന്നും താലിബാന് വക്താവ് സബീഹുല്ല മുജാഹിദ് അറിയിച്ചു. തടവുകാരെ മോചിപ്പിക്കാതെ ചര്‍ച്ചയ്ക്കില്ലെന്നും താലിബാന് വ്യക്തമാക്കി.
ഫെബ്രുവരി 29-നാണ് അമേരിക്കയും താലിബാനും സമാധാന കരാറില്‍ ഒപ്പുവച്ചത്. പതിനെട്ടു വര്‍ഷമായി, യുഎസിന്റെ നേതൃത്വത്തില്‍ അഫ്ഗാനിസ്ഥാനിലുള്ള നാറ്റോ സൈനികരെ 14 മാസത്തിനകം പിന്‍വലിക്കുമെന്നാണ് താലിബാനുമായുണ്ടായ കരാറിലെ മുഖ്യ വ്യവസ്ഥ. അഫ്ഗാനിസ്ഥാന്റെ ഭാവിഭരണം സംബന്ധിച്ച് അഫ്ഗാന് സര്‍ക്കാരും താലിബാന് നേതൃത്വവും മാര്‍ച്ചില്‍ ചര്‍ച്ച ആരംഭിക്കുമെന്നും കരാറില്‍ പറയുന്നുണ്ട്.
യുഎസും താലിബാനും തമ്മിലുണ്ടാക്കിയ സമാധാന കരാറില്‍ പറയുന്നതു പോലെ അഫ്ഗാന് സര്‍ക്കാരിനു കീഴിലുള്ള താലിബാന് തടവുകാരെ മോചിപ്പിക്കാന്‍ തയാറല്ലെന്ന് അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് താലിബാന്റെ പിന്മാറല് പ്രഖ്യാപനം.