ന്യൂഡല്‍ഹി: ഡല്‍ഹി കലാപ വിഷയം ഉയര്‍ത്തിയുള്ള പ്രതിഷേധത്തിനിടെ ബിജെപി എംപി മര്‍ദിച്ചതായി പരാതി നല്‍കിയ ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മൂന്നുതവണ എംപിയായ ജസ്‌കൗര്‍ മീണയെ സഭയില്‍ തള്ളിയിട്ടത് എന്നെ ഞെട്ടിച്ചു. രമ്യ ഹരിദാസ് ബിജെപിയുടെ ദലിത് എംപിയെ പ്രകോപിപ്പിക്കാനായി അദ്ദേഹത്തെ ശാരീരികമായി മര്‍ദിക്കുകയാണ് ചെയ്തത്. രമ്യക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ഞാന്‍ സ്പീക്കറോട് ആവശ്യപ്പെടുകയാണെന്നും സ്‌മൃതി ഇറാനി പറഞ്ഞു.

കലാപം ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും രണ്ടുമണിവരെ നിര്‍ത്തിവച്ചു. രണ്ടുമണിക്ക് ശേഷം സഭാ നടപടികള്‍ ആരംഭിച്ചപ്പോഴും പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധ പ്രകടനടത്തിനിടെ ബിജെപി തന്നെ മര്‍ദിച്ചു എന്ന് കാണിച്ച്‌ രമ്യ ഹരിദാസ് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കിയിരുന്നു. പിന്നോക്ക വിഭാഗക്കാരിയും സ്ത്രീയും ആയതിനാലാണോ ആക്രമിച്ചതെന്നും ചോദിച്ച്‌ രമ്യ സ്പീക്കര്‍ക്ക് മുന്നില്‍ പൊട്ടിക്കരയുകയും ചെയ്‌തിരുന്നു.