ബെയ്ജിങ്ങ്/ന്യൂഡല്‍ഹി: ലോകത്തെ വിറപ്പിച്ച്‌ കോവിഡ്-19 വൈറസ് പടരുന്നു. ചൈനയില്‍ ഉത്ഭവിച്ച കൊറോണ വൈറസ് 60 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചപ്പോള്‍ മരണസംഖ്യ 3,000 കടന്നു. പ്രഭവകേന്ദ്രമായ ചൈനയില്‍ തിങ്കളാഴ്ച മാത്രം മരണം 42 ആയി. അന്റാര്‍ട്ടിക്ക ഒഴികെ ബാക്കി എല്ലാ ഭൂഖണ്ഡങ്ങളിലും പടര്‍ന്ന കോവിഡ്-19 ആഗോളതലത്തില്‍ 88,000 പേര്‍ക്കാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ചൈനയില്‍ മാത്രം മരണം 2,912 ആയി. ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനുശേഷം രോഗ ബാധ സ്ഥിരീകരിച്ചവരുടെ ഏറ്റവും കുറവ് ഇന്നലെയാണ്. 202 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ ഹുബേയ് പ്രവിശ്യയ്ക്കു പുറമെ ആറു പേര്‍ക്ക് മാത്രമാണ് വൈറസ് സ്ഥിരീകരിച്ചത്. ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുമ്ബോള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വൈറസ് പടര്‍ന്നു പിടിക്കുന്ന ഭീതിയേറിയ കാഴ്ചയാണ് ലോകം കാണുന്നത്.

യുഎസിലും, ഓസ്‌ട്രേലിയയിലും, തായ്‌ലാന്‍ഡിലും ആദ്യ മരണം ഞായറാഴ്ച സ്ഥിരീകരിച്ചിരുന്നു. ചൈനയ്ക്ക് പുറത്ത് ദക്ഷിണ കൊറിയയിലും ഇറ്റലിയിലും വൈറസ് കൂടുതല്‍ ഭീതി വിതയ്ക്കുകയാണ്. ഇറ്റലിയില്‍ ഇതുവരെ മരണം 34 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,694 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും അവസാനം അഞ്ചു മരണം കുടിയാണ് സംഭവിച്ചിരിക്കുന്നത്. ഫ്രാന്‍സില്‍ 130 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു കഴിഞ്ഞു. രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

വൈറസ് കൂടുതല്‍ പടര്‍ന്നുപിടിച്ച വടക്കന്‍ ഇറ്റലിയന്‍ മേഖലകളായ മിലാന്‍ ഉള്‍പ്പെടുന്ന ലോംബാര്‍ഡ് എന്നിവിടങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നതിന് യുഎസ് സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശങ്ങള്‍ പൗരന്മാര്‍ക്ക് നല്‍കി. മിലാനിലേയ്ക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് റദ്ദാക്കിതുടങ്ങി. ലോക പ്രസിദ്ധമായ ലൂവിയര്‍ മ്യൂസിയം ഫ്രാന്‍സ് അടച്ചു. ഇറാന്‍, ഇറാഖ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. അമേരിക്കയില്‍ ആദ്യ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ ബാധിതരുടെ എണ്ണം 74 ആയി. ദക്ഷിണകൊറിയയില്‍ ഏറ്റവും ഒടുവില്‍ 210 പേര്‍ക്ക് കുടി വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ടു മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് 3736 പേര്‍ക്കാണ് ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ആകെ മരണം 20 ആയി. ഇറാനില്‍ മരണം 54 ആയി ഉയര്‍ന്നു. ഇറാനില്‍ ഇതുവരെ 978 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.