ന്യൂയോര്‍ക്ക്: ഒരിക്കല്‍ മുഹമ്മദ് അല്‍ ഗഹാഫി എന്ന യെമന്‍ സ്വദേശി റോബര്‍ട്ട് ഡി നിരോ, മാര്‍ക്ക് വാല്‍ബര്‍ഗ്, സാമുവല്‍ ജാക്സണ്‍ എന്നീ സെലിബ്രിറ്റികള്‍ക്ക് സാരഥിയായിരുന്നു. ഉബര്‍ ഡ്രൈവറായി ന്യൂയോര്‍ക്ക് സിറ്റിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുകയാണ്.
ക്വീന്‍സ് സ്ട്രിപ്പ് ക്ലബില്‍ നിന്നുള്ള യാത്രയ്ക്കിടെ തന്റെ കാറില്‍ കയറിയ യാത്രക്കാരോട് കാറില്‍ വെച്ച് മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് 56 കാരനായ അല്‍ ഗഹാഫിയെ കഴിഞ്ഞ മാസം അഞ്ചു പേര്‍ കൂടി ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. ആക്രമണത്തെത്തുടര്‍ന്ന് ആശുപത്രിയിലാക്കിയ അദ്ദേഹം ഇപ്പോള്‍ അബോധാവസ്ഥയില്‍ കഴിയുകയാണ്. ഇങ്ങനെയൊരു ദുര്‍ഗതി ആര്‍ക്കും ഉണ്ടാകരുതെന്ന് 25 കാരനായ ഒരു കുടുംബ സുഹൃത്ത് ഒമര്‍ സെമാന്‍ പറഞ്ഞു.
മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളുമടങ്ങുന്ന സംഘമാണ് ഗഹാഫിയെ മര്‍ദ്ദിച്ച് അവശനാക്കിയത്.
ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രാദേശിക മുസ്ലിം പള്ളിയിലെ അംഗമായ അല്‍ഗഹാഫി ഇടയ്ക്കിടെ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വവും നല്‍കാറുണ്ടായിരുന്നുവെന്ന് ഒമര്‍ പറയുന്നു.
1990 കളുടെ തുടക്കത്തിലാണ് മുഹമ്മദ് അല്‍ ഗഹഫി യെമനില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്. ന്യൂയോര്‍ക്ക് സിറ്റിയിലെ ബിഎല്‍എസ് എന്ന ലിമോസിന്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി നോക്കവേയാണ് ന്യൂയോര്‍ക്കിലെ സെലിബ്രിറ്റികളായ ഡി നിരോ, ജാക്സണ്‍, വാല്‍ബെര്‍ഗ്, മാറ്റ് എലിസ്റ്റേഴ്സ് എന്നിവരുടെ സാരഥിയാകാന്‍ ഭാഗ്യം ലഭിച്ചതെന്ന് ഒമര്‍ സെമാന്‍ പറഞ്ഞു.
ആക്രമണം അല്‍ ഗഹാഫിയുടെ സഹ ഡ്രെെവര്‍മാരും യെമന്‍ അമേരിക്കക്കാരും അപലപിച്ചു. അക്രമികളെ കണ്ടെത്താനും അറസ്റ്റിലേക്ക് നയിക്കാനുമുള്ള വിവരങ്ങള്‍ നല്‍കുന്ന ആര്‍ക്കും ക്യാഷ് റിവാര്‍ഡ് പ്രഖ്യാപിക്കാന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഫെഡറേഷന്‍ ഓഫ് ടാക്സി ഡ്രെെവര്‍മാരും യെമന്‍ അമേരിക്കന്‍ മര്‍ച്ചന്‍റ്സ് അസോസിയേഷനും പദ്ധതിയിട്ടിട്ടുണ്ട്.
തങ്ങളുടെ ഉപജീവനത്തിനായി ജോലി ചെയ്യുമ്പോള്‍ ആരും ഒരിക്കലും അവരുടെ ജീവിതത്തെ ഭയപ്പെടേണ്ടതില്ലെന്ന് യമന്‍ അമേരിക്കന്‍ അസ്സോസിയേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്രഹാം അയാഷ് പ്രസ്താവനയില്‍ പറഞ്ഞു. മുഹമ്മദിനെതിരായ ആക്രമണത്തില്‍ ഞങ്ങള്‍ തുല്യ ദുഃഖിതരാണ്. നീതി ലഭിക്കുകയും കുറ്റവാളികളെ പിടികൂടുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ഞങ്ങളാല്‍ കഴിയുതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.