ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും അക്രമസംഭവങ്ങള്‍ ഉണ്ടായെന്ന റിപ്പോര്‍ട്ട് വ്യാജമെന്ന് ഡല്‍ഹി പൊലീസ്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും പൊലീസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു. ഞായറാഴ്ച വൈകിട്ടാണ് ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ വീണ്ടും അക്രമങ്ങള്‍ അരങ്ങേറുന്നതായി വാര്‍ത്ത പ്രചരിച്ചത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലും പടിഞ്ഞാറന്‍ ഡല്‍ഹിയിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവരെ പൊലീസ് നിരീക്ഷിക്കുകയും കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ഡല്‍ഹി പൊലീസ് ട്വിറ്ററില്‍ കുറിച്ചു. വീണ്ടും സംഘര്‍ഷം ആരംഭിച്ചെന്ന വാര്‍ത്തയ്ക്കു പിന്നാലെ ഡല്‍ഹി മെട്രോ തിലക് നഗര്‍, നങ്ലോയി, സൂര്‍ജ്മല്‍ സ്റ്റേഡിയം, ബദര്‍പുര്‍, തുഗ്ലകാബാദ്, ഉത്തം നഗര്‍ വെസ്റ്റ്, നവാഡ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നെങ്കിലും പിന്നീട് പുനഃരാരംഭിച്ചു.

പൗരത്വനിയമ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തില്‍ ഇതുവരെ 46 പേര്‍ മരിച്ചു. മുന്നൂറിലേറേ പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച നാലു പേരുടെ മൃതദേഹം കൂടി കണ്ടെത്തിയതിനു പിന്നാലെയാണ് മരണസംഖ്യ ഉയര്‍ന്നത്.