ന്യൂജേഴ്‌സി: ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ടുമെന്‍റിലെ സെര്‍ജന്‍റണ് കെല്ലി ഹോര്‍ഷം. മരണത്തിന്‍റെ വക്കില്‍നിന്നും തന്‍റെ ജീവിതത്തെ തിരികെ കൊണ്ടുവരുന്നതിന് സ്വന്തം മകന്‍റെ ശ്വാസകോശം ദാനം ചെയ്ത മാതാവ് മെഡലിന്‍ ഡിമാര്‍ക്കോവിനോടു “എങ്ങനെയാണു നന്ദി അറിയിക്കുക എന്നറിയില്ല’ – വികാരാധീനയായി കെല്ലി ഉരുവിട്ടത് കൂടിനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഫെബ്രുവരി 27 നു സംഘടിപ്പിച്ച സ്‌പെഷല്‍ റെയര്‍ ഡിസീസ് ഡെ (Special Rare Disease Day) ആയിരുന്നു വേദി.

ഇളയ മകളുടെ പ്രസവ സമയത്താണ് കെല്ലിയില്‍ മാരകമായ ശ്വാസകോശ രോഗം കണ്ടെത്തിയത്. പെട്ടെന്ന് ശ്വാസോച്വാസം നിലച്ച കെല്ലിയെ ഡോക്ടര്‍മാര്‍ വളരെ പാടുപെട്ടാണ് പൂര്‍വ സ്ഥിതിയിലേക്കെത്തിച്ചത്. രോഗ പരിഹാരത്തിന് ഒരു മാര്‍ഗം മാത്രമാണ് ഡോക്ടമാര്‍ നിര്‍ദേശിച്ചത്. ശ്വാസകോശം മാറ്റിവയ്ക്കുക.

2018 ലാണ് കെല്ലിയുടെ പ്രതീക്ഷകള്‍ക്ക് ചിറകുമുളച്ചത്. 34 -ാം വയസില്‍ മരണത്തിനു കീഴടങ്ങിയ മകന്‍ റോണാള്‍ഡിന്‍റെ ശ്വാസകോശം കെല്ലിക്കുവേണ്ടി ദാനം ചെയ്യാന്‍ ഡിമാര്‍ക്കോ തയാറായി. ദാതാവിനെ കണ്ടെത്തിയതോടെ ഡോക്ടര്‍മാരുടെ ശ്രമഫലമായി കെല്ലിയില്‍ വിജയകരമായി റൊണാള്‍ഡിന്‍റെ ശ്വാസകോശം തുന്നിപ്പിടിപ്പിച്ചു.

15 വര്‍ഷത്തെ പോലീസ് സര്‍വീസുള്ള കെല്ലി ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയായി ന്യൂയോര്‍ക്കിന്‍റെ തെരുവ് വീഥികളില്‍ സജീവ സേവനത്തിലാണ്.