ആലപ്പുഴ: ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസുകാർക്കു പരിക്ക്. കനകക്കുന്ന് എസ്ഐ ശ്രീകാന്ത് എസ്. നായർ, സിവിൽ പോലീസ് ഓഫീസർ സതീഷ് എന്നിവർക്കാണു പരിക്കേറ്റത്.
ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂർ വടക്കൻ കോയിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തോട് അനുബന്ധിച്ചാണു സംഘർഷമുണ്ടായത്. ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ എസ്ഐയെ ഒരു സംഘം മർദിച്ചു. എസ്ഐയെ മർദിക്കുന്നതു തടയാൻ ശ്രമിച്ചപ്പോഴാണു സതീഷിനു മർദനമേറ്റത്.
എസ്ഐയുടെ ഇരു കൈകൾക്കും സാരമായി പരിക്കേറ്റു. പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.