താലിബാനുമായുള്ള ചരിത്ര കരാറിൽ അമേരിക്ക ഒപ്പിട്ടു. അഫ്ഗാനിസ്ഥാനിൽ 18 വർഷമായി തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനു മുന്നോടിയായാണു കരാർ. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലാണു യുഎസ് പ്രത്യേക പ്രതിനിധി സൽമയ് ഖാലിസാദും താലിബാൻ രാഷ്ട്രീയ വിഭാഗം മേധാവി മുല്ല അബ്ദുൽ ഘാനി ബറാദറും സമാധാന കരാർ ഒപ്പുവച്ചത്.
താലിബാൻ വാഗ്ദാനങ്ങൾ പാലിച്ചാൽ 14 മാസങ്ങൾക്കുള്ളിൽ അമേരിക്കയും നാറ്റോയും സൈന്യത്തെ പിൻവലിക്കുമെന്നു കരാർ ഒപ്പിട്ടശേഷം ഇരുവിഭാഗങ്ങളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. കരാർ വ്യവസ്ഥകൾ താലിബാൻ പൂർണമായും പാലിച്ചാൽ മാത്രമായിരിക്കും പിൻമാറ്റം. അൽക്വയ്ദയുമായുള്ള ബന്ധം വിച്ഛേദിക്കുമെന്നുള്ള വാഗ്ദാനം പാലിക്കാൻ താലിബാനോട് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കരാർ ഒപ്പിട്ടശേഷം ആവശ്യപ്പെട്ടു.
വിവിധ രാജ്യങ്ങളിലുള്ള യുഎസ് സൈനികരെ തിരികെയെത്തിക്കുമെന്ന വാഗ്ദാനമാണു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പാലിച്ചിരിക്കുന്നത്. 2001 സെപ്റ്റംബർ 11-ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിനു പിന്നാലെ ഒക്ടോബർ ഏഴിനാണ് യുഎസ് അഫ്ഗാനിസ്ഥാനിൽ സൈനിക നടപടി ആരംഭിക്കുന്നത്.