രാജ്യത്തു നിയമവാഴ്ച തകര്‍ക്കുംവിധം കലാപത്തിന് ആഹ്വാനം നല്‍കിയവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാന്‍ ഭരണകൂടം തയാറാകണമെന്നു കെസിബിസി. രാഷ്ട്രീയവും മതവും കൂട്ടിക്കലര്‍ത്തിയും കപടമായ ദേശീയ സങ്കല്പങ്ങള്‍ പ്രചരിപ്പിച്ചും കപട മതേതരത്വം പ്രസംഗിച്ചും ജനങ്ങള്‍ക്കിടയില്‍ പരസ്പര വിദ്വേഷവും ഭയവും വളര്‍ത്തുന്ന ശൈലി രാഷ്ട്രീയ രംഗത്തു വളര്‍ന്നുവരുന്നത് അത്യന്തം ആശങ്കാജനകമാണ്. രാജ്യത്തു സമാധാനവും നിയമവാഴ്ചയും ഉറപ്പുവരുത്താന്‍ ചുമതലപ്പെട്ടവര്‍തന്നെ കലാപത്തിനും അക്രമത്തിനൂം പ്രേരണ നല്‍കുകയോ അതിനുനേരേ കണ്ണടയ്ക്കുകയോ ചെയ്യുംവിധം പ്രവര്‍ത്തിക്കുന്നതു വിനാശകരമാണ്.

ഡല്‍ഹിയിലുണ്ടായ അക്രമപ്രവര്‍ത്തനങ്ങളില്‍ ഇരുപതിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും അനേകര്‍ക്ക് പരിക്കേല്ക്കുകയും അതിലേറെപ്പേരുടെ ജീവിതോപാധികള്‍ നഷ്ടമാകുകയും ചെയ്തിരിക്കുന്നു. എല്ലാറ്റിലുമുപരിയായി രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയും പരസ്പരവിദ്വേഷവും അകല്‍ച്ചയും വര്‍ധിക്കാന്‍ കലാപം ഇടയാക്കി. ജനക്കൂട്ടം നിയമം കൈയിലെടുക്കുന്ന പ്രവണത രാജ്യത്തു വര്‍ധിച്ചുവരുന്നത് രാജ്യത്തിന്റെ ഭാവിക്കും ജനങ്ങളുടെ സമാധാന ജീവിതത്തിനും ഭീഷണിയാണ്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ പൗരാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കാന്‍ ബാധ്യസ്ഥമായ ജുഡീഷറി ഫലപ്രദമായി ഇടപെടുകയും അങ്ങനെ ഇടപെടാന്‍ ജുഡീഷറിയെ അനുവദിക്കുകയും വേണം. കലാപത്തില്‍ ജീവനും സ്വത്തും നഷ്ടമായവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരവും പരിക്കേറ്റവര്‍ക്കു ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കുന്നതോടൊപ്പം, രാജ്യത്തു സമാധാനാന്തരീക്ഷത്തിനുള്ള നടപടികളും ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉടന്‍ ഉണ്ടാകണമെന്നും കെസിബിസി പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.