ചങ്ങനാശ്ശേരി: തൃക്കൊടിത്താനം കോട്ടമുറി മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ഒരാഴ്ചക്കിടെ മൂന്ന് പേര്‍ മരിച്ചതില്‍ ദുരൂഹതയെന്ന് പരാതി. ഇന്ന് 21 കാരനായ യുവാവ് മരിച്ചതോടെ സംഭവത്തില്‍ ആശങ്കയുമായി നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇവിടെയുള്ള ആറ് അന്തേവാസികള്‍ തിരുവല്ലയിലെ മൂന്ന് ആശുപത്രികളിലായി ചികിത്സയിലും കഴിയുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മൂന്ന് ദിവസം മുമ്ബാണ് ചങ്ങനാശേരിയിലെ കോട്ടമുറി പുതുജീവന്‍ കേന്ദ്രത്തില്‍ നിന്ന് 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവല്ല മെഡിക്കല്‍ മിഷന്‍, തിരുവല്ല പുഷ്പഗിരി ആശുപത്രി, തിരുവല്ലയിലെ തന്നെ മറ്റൊരു ആശുപത്രിയിലുമായാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇവരില്‍ രണ്ട് പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചു. ഇന്ന് മരണം മൂന്നായതോടെ പരിഭ്രാന്തരായ നാട്ടുകാര്‍ ഇതേക്കുറിച്ച് അന്വേഷിച്ചെങ്കിലും യാതൊരു റിപ്പോര്‍ട്ടും പുറത്തുവന്നില്ല. അതേസമയം ഉയര്‍ന്ന ഫീസ് വാങ്ങി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിതെന്ന് തൃക്കൊടിത്താനം പഞ്ചായത്തിലെ 13ാം വാര്‍ഡ് അംഗം നിതിന്‍ പറഞ്ഞു.
വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്ന് വിദഗ്ധ സംഘം എത്തി പരിശോധന നടത്തി. ഒറ്റ രാത്രി കൊണ്ട് ഒന്‍പത് പേര്‍ക്ക് വൈറസ് ബാധയുണ്ടായെന്നാണ് നിഗമനം. ഇത് കൊവിഡ്19, എച്ച്1എന്‍1 വൈറസുകളല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്രത്തിന്‍റെ പരിസരമെല്ലാം മലിനമായി കിടക്കുകയാണ്. ഒരു മാസം മുമ്ബ് മഞ്ഞപ്പിത്തം ഉണ്ടായിരുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.