തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് കാരണം ശ്യാമമാധവമല്ല, ആ കവിത വായിക്കാനായി ചിലരുപയോഗിച്ച കണ്ണടയുടേതാണെന്ന് എഴുത്തുകാരന്‍ പ്രഭാവര്‍മ. പൂന്താനം ജ്ഞാനപ്പാന പുരസ്‌കാര പ്രഖ്യാപനവുമായി ഉണ്ടായ വിവാദങ്ങളില്‍ പ്രതികരികരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പ്രശസ്ത മാധ്യമത്തോടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശ്യാമമാധവം എന്ന കവിത ഒരിക്കലും വിവാദങ്ങള്‍ക്ക് കാരണമല്ല, മറിച്ച്‌ ചിലര്‍ ആ കവിത വായിച്ച രീതിയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും രാഷ്ട്രീയകണ്ണടവെച്ചുള്ള വായനയാണ് ചിലര്‍ നടത്തുന്നതെന്നും പ്രഭാവര്‍മ വ്യക്തമാക്കി.

രാഷ്ട്രീയത്തിന്റെ കാവിക്കണ്ണട മാറ്റിവെച്ചാലേ ആ പാരായണരീതി ഉരുത്തിരിഞ്ഞു കിട്ടു. മറിച്ചാണെങ്കില്‍ സര്‍ഗ്ഗാത്മക സാഹിത്യത്തിന്റെ അന്ത്യമാവുമുണ്ടാവുക. കാളിദാസന്‍ മുതല്‍ എഴുത്തച്ഛന്‍ വരെ, ആശാന്‍ മുതല്‍ എംടി വരെ നാളെ നിരോധിക്കപ്പെടുമെന്നും പ്രഭാവര്‍മ്മ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസമാണ് പൂന്താനം ജ്ഞാനപ്പാന അവാര്‍ഡ് എഴുത്തുകാരന്‍ പ്രഭാ വര്‍മയ്ക്ക് നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിന് ഹൈക്കോടതി സ്റ്റേ ചെയ്തത്. കൃഷ്ണനെ കുറ്റാരോപിതനായി കാണുന്നയാള്‍ക്കാണോ പൂന്താനം അവാര്‍ഡ് നല്‍കേണ്ടതെന്ന് ഹൈക്കോടതി ചോദിച്ചു. വെള്ളിയാഴ്ച രാവിലെ പുരസ്‌കാരം വിതരണം ചെയ്യാനിരിക്കെയാണ് ഹൈക്കോടതി സ്റ്റേ.